മദ്യപാനം വിലക്കിയ ഓട്ടോ ഡ്രൈവറെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

Friday 01 September 2023 1:05 AM IST

കടയ്‌ക്കാവൂർ: മണമ്പൂരിന് സമീപം ജെ.സി.ബിയും ടിപ്പറും പാർക്കുചെയ്യുന്ന യാർഡിൽ രാത്രി മദ്യപിക്കുന്നത് വിലക്കിയതിന്റെ പ്രതികാരത്തിൽ ഓട്ടോ ഡ്രൈവറെ ഇരുമ്പ് പൈപ്പിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ.

മണമ്പൂർ ശങ്കരൻമുക്ക് 'ശിവശൈലം" വീട്ടിൽ ബൈജുവിനെ (52) കൊലപ്പെടുത്തിയ മണമ്പൂർ ഗുരുനഗർ ശ്രീമംഗലം വീട്ടിൽ റിനു (39)​,കുടിവിള വീട്ടിൽ ഷൈജു (45)​,ആതിര വിലാസത്തിൽ അനീഷ് (29)​,കെ.എ ഭവനിൽ അനീഷ് (36)​,ഒറ്റമംഗലത്ത് കുന്നുവീട്ടിൽ വിനോദ് വി.വിശാഖ് (22)​എന്നിവരാണ് പിടിയിലായത്.

27ന് രാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈജുവിനെ വീടിന് മുന്നിൽ കൊണ്ട് കിടത്തിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. രാവിലെ ഇതുവഴി വന്ന ഓട്ടോ ഡ്രൈവർമാർ ബൈജുവിനെ മണമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും കുറച്ച് കഴിഞ്ഞ് മരിച്ചു. തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. പ്രത്യേക അന്വേഷണസംഘം സംഭവ സ്ഥലത്തുള്ള സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും നിരവധിപ്പേരെ ചോദ്യം ചെയ്‌തതിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

വിവാഹിതനായ ബൈജു കുടുംബപ്രശ്‌നങ്ങൾ കാരണം ഭാര്യയുമായി പിരിഞ്ഞാണ് താമസിച്ചിരുന്നത്. വർക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ്,​ എസ്. ഐ സജിത്ത്,​ എസ്.സി.പി.ഒ ബാലു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.