ഉച്ചഭക്ഷണം കഴിക്കാൻ കുട്ടികൾക്ക് താൽപര്യമില്ല, ഒടുവിൽ സ്‌കൂൾ അധികൃതർ പ്രയോഗിച്ച സൂത്രത്തിൽ ആവർ വീണു
കൊടുങ്ങല്ലൂർ: മേത്തല എൽത്തുരുത്ത് ശ്രീവിദ്യാ പ്രകാശിനി സഭയുടെ കീഴിലുള്ള എസ്.എൻ.വി.യു.പി സ്കൂളിലെ ഉച്ചഭക്ഷണത്തെക്കുറിച്ചുള്ള അറിയിപ്പ് ബോർഡിന്റെ പെരുമയേറുന്നു. വ്യത്യസ്ത വിഭവങ്ങൾ ഒരുക്കുന്നതിലുള്ള സ്കൂൾ അധികൃതരുടെ മികവ് ഉച്ചഭക്ഷണ ബോർഡ് തയ്യാറാക്കുന്നതിലും പ്രകടമായതോടെയാണ് ബോർഡ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
സൂപ്പർ തക്കാളി പരിപ്പ് കറി, നാടൻ കോവക്ക തോരൻ, ഉശിരൻ തക്കാളി ചമ്മന്തി എന്നിങ്ങനെ പോകുന്നു സ്കൂൾ ബോർഡിലെ മെനു ലിസ്റ്റ്. സ്കൂളിലെ ഉച്ചഭക്ഷണം നേരത്തെ തന്നെ മികച്ചതാകണമെന്ന് സ്കൂൾ അധികൃതർക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് മുൻപും ഇതേ ബോർഡിൽ ഉച്ചഭക്ഷണ അറിയിപ്പ് എഴുതിവയ്ക്കാറുണ്ട്. എന്നാൽ കുട്ടികളിൽ അത് യാതൊരു ചലനവും സൃഷ്ടിച്ചിരുന്നില്ല. ചില വിരുതൻമാർ ബോർഡ് മായ്ക്കാനും തുടങ്ങി. അങ്ങിനെയാണ് എഴുത്തിലും വ്യത്യാസം വരുത്തണമെന്ന ചിന്ത ഉണ്ടായത്.
ബോർഡിലെ എഴുത്ത് ആകർഷണീയമാക്കിയതോടെ വായിക്കാനെത്തുന്ന കുട്ടികളുടെ എണ്ണമേറി. ഇപ്പോൾ ഉച്ചഭക്ഷണ ബോർഡ് വായിക്കൽ എസ്.എൻ.വി.യു.പി സ്ക്കൂൾ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം രുചികരമായ അനുഭവമായി. കുട്ടികൾക്ക് മാത്രമല്ല രക്ഷാകർത്താക്കൾക്കും ഈ ബോർഡെഴുത്ത് നന്നേ ബോധിച്ചു. ദിവസവും മൂന്ന് തരം കറികൾ വിളമ്പുന്ന ഈ വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തെക്കുറിച്ച് എല്ലാർക്കും നല്ലതേ പറയാനുള്ളൂ.