സിപിഎമ്മുകാർ വെട്ടിയ ബിജെപിക്കാരന് 1.5 ലക്ഷം രൂപ; ആലപ്പുഴയിൽ കേസ് ഒത്തുതീർപ്പാക്കാൻ രഹസ്യചർച്ച

Friday 01 September 2023 9:59 AM IST

ആലപ്പുഴ: സിപിഎം പ്രവർത്തകർ ചേർന്ന് ബിജെപി പ്രവർത്തകനെ വെട്ടിയ കേസ് പണം നൽകി ഒത്തുതീർപ്പാക്കാൻ ഇരു പാർട്ടികളുടെയും പ്രാദേശിക നേതാക്കൾ രഹസ്യ ചർച്ച നടത്തി. വെട്ടേറ്റയാൾക്ക് നഷ്ടപരിഹാരമായി 1.5 ലക്ഷം രൂപ പാർട്ടി ഫണ്ടിൽ നിന്ന് നൽകാൻ ധാരണയായെന്നാണ് വിവരം.

സിപിഎം മുല്ലയ്‌ക്കൽ ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ നാലുപേർ പ്രതികളായ കേസിന്റെ വിചാരണ കഴിഞ്ഞയാഴ്ച നടക്കേണ്ടതായിരുന്നു. എന്നാൽ, 'ഒത്തുതീർപ്പ്' ആകാത്തതിനാൽ വാദിയെക്കൊണ്ട് അവധി അപേക്ഷ നൽകി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർ ചർച്ചയിൽ പങ്കെടുത്തെന്നാണ് വിവരം. 50,000 രൂപ മുൻകൂറായി നൽകാമെന്നും കേസ് പിൻവലിക്കുമ്പോൾ ബാക്കി നൽകാമെന്നും ധാരണയായി. സിപിഎം ജില്ല, ഏരിയ നേതൃത്വങ്ങൾ അറിയാതെയായിരുന്നു ഒത്തുതീർപ്പ് നീക്കം. ബിജെപി നേതൃത്വവും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വാർത്ത പുറത്തുവന്നതോടെ രണ്ട് പാർട്ടികളുടെയും ജില്ലാ നേതൃത്വങ്ങൾ അന്വേഷണം തുടങ്ങി.

2019 ജനുവരിയിൽ വിളഞ്ഞൂരിൽ സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ പല തവണ സംഘർഷമുണ്ടായിരുന്നു. ഇതിനിടെയാണ് ബിജെപി പ്രവർത്തകന് വെട്ടേറ്റത്. ഇയാളുടെ കൈവിരൽ അറ്റുപോയി. ആലപ്പുഴ ഏരിയ കമ്മിറ്റി പരിധിയിലെ ലോക്കൽ കമ്മിറ്റികളിൽ ഈയിടെ നടത്തിയ പുനഃക്രമീകരണങ്ങളാണ് രഹസ്യചർച്ചയുടെ വിവരം പുറത്തുവരാൻ കാരണം. പാർട്ടി ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം നൽകുന്നതിൽ എതിർപ്പുള്ളവർ പ്രാദേശിക നേതൃത്വത്തിലുണ്ട്.