പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയർത്തി പാകിസ്ഥാൻ, ലിറ്റർ വില 300 കടന്നു

Friday 01 September 2023 10:51 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയർത്തി സർക്കാർ. പെട്രോളിന്14.91 രൂപയും ഹൈസ്പീഡ് ഡീസലിന് 18.44 രൂപയുമാണ് വർദ്ധിപ്പിച്ചത്.നിലവിൽ ഒരു ലി​റ്റർ പെട്രോളിന് 305.36 രൂപയും ഡീസലിന് 311.84 രൂപയുമാണ് വില.

പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ വെല്ലുവിളി.ഇത് സാധാരണക്കാരെയും ബിസിനസ് പ്രവർത്തകരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.പാകിസ്ഥാൻ രൂപയുടെ മൂല്യത്തകർച്ചയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണം.പ്രധാന മന്ത്രി അൻവാറുൽ ഹഖ് കാക്കറിന്റെ കീഴിലുളള സർക്കാരാണ് പുതിയ വില പ്രഖ്യാപിച്ചത്.അടുത്തിടെയാണ് രാജ്യം വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത്.ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി അൻവർ ഉൽ ഹഖ് കാക്കറിന്റെ കീഴിൽ ഒരു താത്ക്കാലിക ക്യാബിന​റ്റ് സത്യപ്രതിജ്ഞ ചെയ്തിരുന്നു.അടുത്ത തിരഞ്ഞെടുപ്പ് വരെയാണ് താത്ക്കാലിക ക്യാബിന​റ്റിന്റെ പ്രവർത്തന കാലയളവ്.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത തിരികെക്കൊണ്ട് വരിക എന്നതാണ് പുതിയ ക്യാബിന​റ്റിന്റെ കർത്തവ്യം.രാജ്യത്തിന് 350 ബില്യൺ ഡോളറിന്റെ ആവശ്യമുണ്ട്.എന്നാൽ പുതിയ ക്യാബിന​റ്റിന് അന്താരാഷ്ട്ര നാണയനിധിയിൽ നിന്നും മൂന്ന് ബില്യൺ ഡോളറാണ് ലഭിച്ചത്.