'എല്ലാം ഓക്കെയാണ്, എനിക്ക് സുഖമാണ്, ഞാനിപ്പോൾ ആഫ്രിക്കയിലാണ്'; കൊല്ലപ്പെട്ടെന്ന വാർത്തകൾക്കിടെ പ്രിഗോഷിന്റെ പേരിൽ പുതിയ വീഡിയോ പ്രചരിക്കുന്നു

Friday 01 September 2023 11:25 AM IST

മോസ്‌കോ: വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി പ്രചരിക്കുന്ന റഷ്യയിലെ കൂലി പട്ടാളമായ വാഗ്‌നർ ഗ്രൂപ്പിന്റെ തലവൻ യെവ്‌ഗെനി പ്രിഗോഷിന്റെ പേരിൽ പുതിയൊരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമായ എക്‌സിൽ യുക്രെയിൻ ആഭ്യന്തരമന്ത്രിയുടെ മുൻ ഉപദേഷ്‌ടാവ് ആന്റൺ ജിറാഷെങ്കോയാണ് വീഡിയോ പോസ്‌‌റ്റ് ചെയ്‌തത്. 'എന്റെ മരണം,വ്യക്തിജീവിതം, സമ്പാദ്യം എന്നിവയെക്കുറിച്ചെല്ലാം ചർച്ച ചെയ്യുന്നവർക്കായി..ഞാൻ സുഖമായിരിക്കുന്നു.' ഒരു വാഹനയാത്രക്കിടെയാണ് പ്രിഗോഷിൻ ഇക്കാര്യം പറയുന്നത്.

'എന്റെ മരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നവർക്കായി...എനിക്ക് സുഖമാണ്, ഇപ്പോൾ 2023 ഓഗസ്‌റ്റ് രണ്ടാംപകുതിയുടെ വാരാന്ത്യമാണ്. ഞാനിപ്പോൾ ആഫ്രിക്കയിലാണ്.' പ്രിഗോഷിൻ തുടർന്നുപറയുന്നു. വീഡിയോ എവിടെവച്ച് ചിത്രീകരിച്ചെന്നോ എന്നാണ് പോസ്‌റ്റ് ചെയ്‌തതെന്നോ പക്ഷെ വ്യക്തതയില്ല. പ്രിഗോഷിനും സംഘാംഗങ്ങളും അടങ്ങിയ വിമാനം ഓഗസ്‌റ്റ് 23നാണ് തകർന്നുവീണത്. സംഭവത്തിൽ പ്രിഗോഷിനടക്കം വിമാനത്തിലുള്ളവരെല്ലാം മരിച്ചതായും ഡിഎൻഎ പരിശോധനയിൽ ഇത് സ്ഥിരീകരിച്ചെന്നുമാണ് റഷ്യൻ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. പ്രിഗോഷിന്റെ മൃതദേഹം ചൊവ്വാഴ്‌ചയാണ് സംസ്‌കരിച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത സംസ്‌കാര ചടങ്ങ് റഷ്യൻ സുരക്ഷാ സേനാ കാവലിലാണ് നടന്നത്.