സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി,​ കൂട്ടുനിന്ന യുവതി അറസ്റ്റിൽ

Friday 01 September 2023 8:30 PM IST

കോഴിക്കോട് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറ‌ഞ്ഞ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികൾക്ക് സഹായം ചെയ്ത് നൽകിയ കണ്ണൂർ സ്വദേശിയായ യുവതി പിടിയിൽ. പീഡനത്തിനിരയായ യുവതിയുടെ സുഹൃത്ത് കൂടിയായ കണ്ണൂർ മുണ്ടയ്ക്കാട് സ്വദേശി അഫ്‌സീനയെയാണ് (29)​ കോഴിക്കോട് ടൗൺ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കണ്ണൂരിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതിയുമായി സൗഹൃദത്തിലായ അഫ്സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഫ്‌സീനയും ഷമീറും തന്നെയാണ് പരാതിക്കാരിയുമായി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതും,​ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഫ്‌സീന പിടിയിലായത്.

കേസിൽ മലപ്പുറം സ്വദേശികളായ അബുബേക്കർ,​ സെ‌യ്തലവി എന്നിവരെ നേരത്തെ കുടകിലെ ഒരു റിസോർട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് സഹായം നൽകിയ അഫ്സീനയുടെ സുഹൃത്ത് ഷമീർ കുന്നുമ്മലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.