മദ്ധ്യാഹ്‌ന ഭാസ്‌കരൻ

Saturday 02 September 2023 12:00 AM IST

കേരളത്തിലെ സാമൂഹിക അപചയങ്ങൾക്കെതിരെ മാതൃകയായ സൂര്യതേജസായിരുന്നു ടി.കെ.മാധവൻ. 1884 സെപ്തംബർ രണ്ടിന് ആലുംമൂട്ടിൽ കേശവൻ ചാന്നാരുടെയും

കോമലേഴത്ത് ഉമ്മിണിയമ്മയുടെയും മകനായി പിറന്ന ടി.കെയ്‌ക്ക് കാലം വലിയൊരു ചരിത്ര നിയോഗം ഒരുക്കിയിരുന്നു. ജാതിഭീകരതയിലും അസ്വാതന്ത്ര്യ‌‌ത്തിലും വലിഞ്ഞുമുറുകിയ കേരളത്തിന്റെ രോദനം ഭാരതത്തിൽ മുഴങ്ങിക്കേൾപ്പിക്കാനും മഹാത്മാഗാന്ധിയുടെ ശ്രദ്ധ കേരളത്തിലേക്ക് നയിക്കാനുമുള്ളതായിരുന്നു ആ നിയോഗം.

നമ്മുടെ ദുഃസ്ഥിതി ദേശീയ വേദിയിൽ മുഴങ്ങിയാലേ നവോത്ഥാനത്തിന് പൂർണതയും ദിശാബോധവും കൈവരൂ എന്ന് മാധവൻ മനസിലാക്കി. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തി മാത്രമേ അയിത്തോച്ചാടനവും ക്ഷേത്രപ്രവേശനവുമെല്ലാം വിജയിപ്പിക്കാനാവൂ എന്നും ടി.കെ. ഉറച്ചുവിശ്വസിച്ചു.

കുടിപ്പള്ളിക്കൂടത്തിലെ അയിത്താചാരമായ 'എറിഞ്ഞടി' , മെതിയടിയിട്ടതിന് സവർണ യുവാക്കളുടെ 'പ്രകോപനം', രാജ്യപ്രമാണിയുടെ (അനന്തപുരത്ത് തമ്പുരാൻ) എഴുന്നള്ളത്തിന് 'എതിർവാ' വിളിച്ചതും ശിക്ഷയുമൊക്കെ മാധവന്റെ യുവമനസിൽ തീക്കനലായിരുന്നു.

എസ്.എൻ.ഡി.പി യോഗത്തിന്റെ ചുമതല മാധവനിലായിരുന്നു. ഈ അവസരത്തിലാണ് ഈഴവ സമുദായത്തിന്റെയും പൗരാവലിയുടെയും പ്രതിനിധിയായി പ്രജാസഭാംഗമായത്. ഹരിപ്പാട് ഗവ. ഇംഗ്ളീഷ് സ്‌കൂളിൽ ഈഴവർക്കു പ്രവേശനം നിഷേധിച്ചതും 'സുജനാനന്ദിനി' യുടെ ദഹനവും തുടർ നടപടികളുമൊക്കെ ചരിത്രത്തിൽ ജ്വലിക്കുന്ന അദ്ധ്യായമാണ്. ദേശീയ പ്രസ്ഥാനത്തിനും ഗാന്ധിയൻ പ്രക്ഷോഭ പരിപാടികൾക്കും സ്വദേശിപ്രസ്ഥാനം, അയിത്തോച്ചാടനം, പൗരസമത്വവാദം, വൈക്കം സത്യാഗ്രഹം യുദ്ധാനന്തര ലോകവീക്ഷണം എന്നിവയ്ക്കു ദിശാബോധം നല്‌കിയതിൽ ടി.കെയുടെ ദേശാഭിമാനിയുടെ പങ്ക് പത്രപ്രവർത്തന ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയ മാതൃകയാണ്.

ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം രൂപീകരിക്കുന്നതിനു മുൻപുതന്നെ ടി.കെ. മാധവൻ അധഃസ്ഥിത വിഭാഗങ്ങളുടെ സമത്വസ്ഥാപനത്തിനായി 'ഈഴവ സമാജം' രൂപീകരിച്ചിരുന്നു. എസ്.എൻ.ഡി​.പി​ യോഗം രൂപംകൊണ്ടതോടെ ഈഴവസമാജം യോഗത്തി​ൽ ലയി​ച്ചു. പി​ന്നീടുള്ള മാധവന്റെ ജീവി​തം ശ്രീനാരായണ പ്രസ്ഥാനത്തി​നും ദേശീയ - നവോത്ഥാന പ്രസ്ഥാനത്തിനുമായി സമർപ്പിക്കപ്പെട്ടു. 1904ൽ പതിനെട്ട് വയസിൽ ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനത്തിൽ,​ അംഗമായിരുന്ന തന്റെ അമ്മാവനു (കോമലേഴത്ത് കുഞ്ഞുപിള്ള ചേകവർ) പകരക്കാരനായി എട്ടാംതരത്തിൽ പഠിച്ചിരുന്ന മാധവനാണ് പങ്കെടുത്തത്. ദിവാൻ മാധവരായരുടെ സാന്നിദ്ധ്യത്തിൽ ആംഗലേയ ഭാഷയിൽ ഈഴവരാദി അധഃസ്ഥിതർ അനുഭവിച്ചിരുന്ന അവശതകളെക്കുറിച്ച് ടി.കെ പ്രൗഢഗംഭീരമായ പ്രസംഗം നടത്തി. 1918ൽ ഔദ്യോഗികമായി പ്രജാസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, പൗരസമത്വം തുടങ്ങിയ പ്രശ്നങ്ങളെ മുൻനിറുത്തിയുള്ള പോരാട്ടങ്ങൾ ദേശീയ സ്വാതന്ത്ര്യ സമരവും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി വിളക്കിച്ചേർത്തില്ലെങ്കിൽ വിഭാഗീയമാകുമെന്ന് മാധവൻ മനസിലാക്കി. അതിന്റെ ഫലമാണ് ഗാന്ധിയുമായും കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ച.

മാധവൻ തിരുനെൽവേലിയിലേക്ക് നടത്തിയ യാത്ര ചരിത്രം സൃഷ്ടിച്ചു. 1922 കന്നി ആറ് , രാവിലെ എട്ടുമണിക്ക് ഗാന്ധിദർശനം സാദ്ധ്യമായി. കേരളത്തിലെ സാമൂഹിക സ്ഥിതിയെപ്പറ്റി ഗാന്ധിജിയെ ബോധവാനാക്കാൻ മാധവന് സാധിച്ചു. ക്ഷേത്രപ്രവേശനം ദേശീയ സമരനയമായും കോൺഗ്രസ് നയമായും ഗാന്ധിജി പ്രഖ്യാപിച്ചത് മാധവന്റെ പ്രേരണയാലാണ്. ഈ സമാഗമത്തിലാണ് നാരായണ ഗുരുവും അദ്ദേഹത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങളും ഗാന്ധിജിയുടെ മനസിൽ ചിരപ്രതിഷ്ഠനേടിയതും 1924ൽ ഗാന്ധി - ഗുരു സമാഗമം സാദ്ധ്യമായതും.

(ചെമ്പഴന്തി ശ്രീനാരായണ കോളേജ് ചരിത്രവിഭാഗം അദ്ധ്യാപകനാണ് ലേഖകൻ)

Advertisement
Advertisement