ഗോ എയർ ഇപ്പോൾ പോകേണ്ട,​ കണ്ണൂരിൽ തേനീച്ചകളുടെ വിമാന `ഉപരോധം' വൈറലാകുന്നു

Friday 12 July 2019 9:04 AM IST

മട്ടന്നൂർ: തേനിച്ച കൂട് ഇളകിയതിനെ തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിൽ കുടുങ്ങിയ യാത്രക്കാരുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ഗോ എയർ യാത്രക്കാരാണ് പുറത്തിറങ്ങാൻ കഴിയാതെ വിമാനത്തിൽ തന്നെ കഴിയേണ്ടിവന്നത്.

വിമാനത്തിനകത്തുണ്ടായിരുന്ന യാത്രക്കാരനാണ് വീഡിയോ എടുത്തത്.വിമാനത്തിന് ചുറ്റും തേനീച്ചകൾ കൂട്ടമായി എത്തി വലയം തീർക്കുകയായിരുന്നു. വാതിൽ തുറന്നാൽ തേനീച്ചകൾ ഉള്ളിൽ പ്രവേശിക്കുമെന്ന സ്ഥിതിയിൽ ഇറങ്ങാൻ അസൗകര്യം ഉണ്ടായതിൽ ഖേദിക്കുന്നതായി വിമാനത്തിനകത്ത് അറിയിപ്പും വന്നു . ഒടുവിൽ മഴ വന്നതോടെയാണ് തേനീച്ചകൾ പിൻവാങ്ങിയത്.എന്നാൽ മഴ കാരണം പിന്നെയും പതിനഞ്ച് മിനുട്ടോളം താമസിച്ചാണ് യാത്രക്കാർ പുറത്തെത്തിയത്.