'ഞങ്ങൾ അവനെ ഒന്നും ചെയ്തില്ല ആന്റി', തെരുവുനായയെ തല്ലിക്കൊന്നു മൃതദേഹം കുഴിച്ചിട്ടതിന്റെ അടുത്തിട്ടു, ദൃശ്യം സിനിമയെ കൂട്ട് പിടിച്ച് പ്രതികൾ

Friday 12 July 2019 10:51 AM IST

കൊച്ചി : പക തീർക്കാൻ നെട്ടൂരിൽ റെയിൽവെ ട്രാക്കിന് സമീപം കുമ്പളം സ്വദേശി അർജുനെ (20) കൊലപ്പെടുത്തി സുഹൃത്തുക്കൾ കണ്ടൽക്കാട്ടിലെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയത് കൃത്യമായ ആസൂത്രണത്തോടെ. സുഹൃത്തുക്കളായ അഞ്ചുപേർ മൃതദേഹം ഒളിപ്പിച്ചത് ദൃശ്യം മോഡലിലാണ് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സഹോദരൻ ബൈക്ക് അപകടത്തിൽ മരിക്കാൻ കാരണം അർജുനാണെന്ന പകയിൽ, പ്രതികളിലൊരാൾ ആസൂത്രണം ചെയ്തതായിരുന്നു ഈ കൊലപാതകം.

പെട്രോൾ വാങ്ങാനെന്ന വ്യാജേന അർജുനെ ഈ മാസം രണ്ടിന് രാത്രി പത്തോടെ വീട്ടിൽനിന്ന് വിളിച്ചുവരുത്തി വിജനമായ സ്ഥലത്തെത്തിച്ച് പട്ടികയ്ക്കും കല്ലുകൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പ്രതികൾ മൊഴി നൽകി. ചതുപ്പിൽ താഴ്ത്തി കോൺക്രീറ്റ് സ്ളാബിട്ട് മൂടി സ്ഥലംവിട്ടു. അർജുന്റെ മൊബൈൽഫോൺ ദൃശ്യം സിനിമയെ അനുകരിച്ച് ഒരു ലോറിയിലേക്ക് വലിച്ചെറിഞ്ഞു. വീട്ടുകാർ പരാതി നൽകിയപ്പോൾ ഫോൺ സിഗ്നൽ പിന്തുടർന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അർജുനനെ കാണാതായതോടെ വീട്ടുകാരുൾപ്പടെ സുഹൃത്തുകളോട് അന്വേഷിച്ചിരുന്നു. ഇവർ അറിയാതെ അർജുൻ എവിടെയും പോകില്ലെന്ന് വീട്ടുകാർക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഇതിനായി നിരവധി തവണയാണ് സുഹൃത്തുക്കളോട് അർജുന്റെ അമ്മയടക്കം മകനെ കുറിച്ച് തിരക്കിയത്. എന്നാൽ 'ഞങ്ങൾ അവനെ ഒന്നും ചെയ്തില്ല ആന്റി' എന്നായിരുന്നു കൂട്ടുകാരുടെ പ്രതികരണം.

കൊലപാതകത്തിന് ശേഷം അർജുന്റെ മൃതശരീരം ഒളിപ്പിച്ച രീതിക്കും ദൃശ്യം സിനിമയുമായി സാദൃശ്യമുണ്ടായിരുന്നു. ചതുപ്പിൽ മൃതശരീരം ഒളിപ്പിച്ചതിന് അടുത്തായി തെരുവ് നായയെ തല്ലിക്കൊന്ന് കൊണ്ടിടുകയായിരുന്നു. ചതുപ്പിൽ നിന്നും ദുർഗന്ധമുണ്ടായാൽ അത് നായയുടെയാണെന്ന് വിശ്വസിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. ചതുപ്പിൽ ചവിട്ടിതാഴ്ത്തിയ ശവശരീരം പൊങ്ങാതിരിക്കാൻ കോൺക്രീറ്റ് സ്ലാബുകൾ മുകളിട്ട് താഴ്ത്തുകയും ചെയ്തു. വീട്ടുകാർ സുഹൃത്തുക്കളുടെ പേരുവിവരങ്ങൾ സഹിതമാണ് പരാതി നൽകിയിരുന്നത്. എന്നാൽ പലപ്പോഴായി പൊലീസ് ചോദ്യം ചെയ്യാൻ ഇവരെ വിളിച്ചെങ്കിലും കൃത്യമായ ആസൂത്രണത്തോടെ ഹാജരായ ഇവർ പതറാതെ പിടിച്ചു നിൽക്കുകയായിരുന്നു.

നെട്ടൂർ സ്വദേശികളായ മാളിയേക്കൽ നിബിൻ പീറ്റർ (20), കുന്നലക്കാട്ട് വീട്ടിൽ റോണി (23), കളപ്പുരയ്ക്കൽ വീട്ടിൽ അനന്തു (21), പനങ്ങാട് തട്ടാശേരിൽ അജിത്കുമാർ (22), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് കൊലപാതക കേസിൽ അറസ്റ്റിലായത്.

നെട്ടൂർ റെയിൽവെ സ്റ്റേഷന് പടിഞ്ഞാറ് കണിയാച്ചാൽ പ്രദേശത്തെ കണ്ടൽക്കാടുകൾക്കിടയിൽ ബുധനാഴ്ച വൈകിട്ടാണ് അർജുന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ദ്ധരും പൊലീസ് സംഘവും പരിശോധനയും ഇൻക്വസ്റ്റും പൂർത്തിയാക്കി. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം വൈകിട്ട് സംസ്‌കരിച്ചു.

അറസ്റ്റിലായ നിബിന്റെ അനുജൻ അബിൻ കഴിഞ്ഞവർഷം ബൈക്കപകടത്തിൽ മരിച്ചിരുന്നു. പിന്നിലിരുന്ന അർജുന് സാരമായി പരിക്കേറ്റിരുന്നു. അർജുൻ ആസൂത്രണം ചെയ്ത വാൽപ്പാറയിലേക്കുള്ള യാത്രയ്ക്കിടയിലാണ് കളമശേരി പ്രീമിയർ ജംഗ്ഷന് സമീപം അപകടമുണ്ടായത്. അബിന്റെ മരണത്തിന് കാരണം അർജുനാണെന്ന പേരിൽ വീട്ടുകാർ തമ്മിൽ മുമ്പ് വഴക്കുണ്ടായിരുന്നു. അർജുനോട് നിബിനുണ്ടായ പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

റോണി, പ്രായപൂർത്തിയാകാത്തയാൾ എന്നിവർ രാത്രിയിൽ ഫോണിൽ അർജുനെ വിളിച്ചു സൈക്കിളിൽ കൊണ്ടുപോകുകയായിരുന്നു. മകനെ കാണാനില്ലെന്ന പരാതി പിറ്റേന്ന് വിദ്ധ്യൻ പനങ്ങാട് പൊലീസിന് നൽകിയിരുന്നു. ഒമ്പതാം ദിവസമായ ബുധനാഴ്ച വൈകിട്ടാണ് ചതുപ്പിൽ തള്ളിയ നിലയിൽ മൃതദേഹം കണ്ടത്തിയത്. വിദ്ധ്യൻ പാഴ്സൽ ലോറി ഡ്രൈവറാണ്. മാതാവ് : ഇന്ദു. സഹോദരി : അനഘ.