ആദിത്യയ്ക്ക് വനിതാ സാരഥി
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗര്യദൗത്യപേടകം കുതിച്ചുയർന്നപ്പോൾ ഒരു വനിതാ ശാസ്ത്രജ്ഞയുടേയും പേര് വാനോളം ഉയർന്നു.ആദിത്യയുടെ പ്രൊജക്ട് ഡയറക്ടറായ തമിഴ്നാട് സ്വദേശി നിഗർ മീരാൻ ഷാജി. സെങ്കോട്ടയിലെ കർഷകനായ ഷെയ്ക്ക് മീരാന്റേയും സൈതൂൺ ബീവിയുടേയും മകളാണ് നിഗർ. സെങ്കോട്ട ഗവ.ഹയർസെക്കൻഡറി സ്കൂളിലും തിരുനെൽവേലി എൻജിനിയറിംഗ് കോളേജിലും പഠിച്ച നിഗർ 1987ലാണ് ഐ.എസ്.ആർ.ഒ.യിലെത്തിയത്. ഇപ്പോൾ ബാംഗ്ളൂരിലെ യു.ആർ.റാവു സാറ്റലൈറ്റ് സെന്ററിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു.ആദിത്യ മിഷന്റെ പ്രൊജക്ട് ഡയറക്ടറായി രണ്ടുവർഷം മുമ്പാണ് ചുമതലയേറ്റത്. ഭർത്താവ് ഷാജി ദുബായിൽ മെക്കാനിക്കൽ എൻജിനിയറാണ്.
ആദിത്യയുടെ ശില്പി
ബംഗളൂരു സ്വദേശിയും യു.ആർ.റാവു സാറ്റലൈറ്റ്സെന്ററിലെ മേധാവിയുമായ ഡോ.കെ. ശങ്കരസുബ്രഹ്മണ്യനാണ് ആദിത്യയുടെ ശില്പിയും പ്രിൻസിപ്പൽ സയിന്റിസ്റ്റും. ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഏഴോളം ഉപകരണങ്ങൾ ആദിത്യയിൽ ഉൾപ്പെടുത്താൻ കഠിനാധ്വാനം ചെയ്തതും അദ്ദേഹമാണ്. ബാംഗ്ളൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉൗർജ്ജ തന്ത്രത്തിൽ പി.എച്ച്.ഡി.എടുത്തിട്ടുളള ശങ്കരസുബ്രഹ്മണ്യം ഇന്ത്യയിലെ ബഹിരാകാശ ശാസ്ത്രഗവേഷണങ്ങളിൽ നിർണായക സംഭാവനകൾ നൽകിയിട്ടുള്ള ശാസ്ത്രജ്ഞനാണ്.