600 കോടി ചെലവിൽ സംസ്ഥാനത്തിന്റെ സ്വന്തം വിമാനക്കമ്പനി വികസിപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ

Sunday 03 September 2023 11:16 AM IST

ബംഗളൂരു: സംസ്ഥാനത്തിന് സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനുള്ള സാദ്ധ്യതകളെക്കുറിച്ച് പഠനമാരംഭിച്ച് കർണാടക സർക്കാർ. പ്രാദേശിക കണക്‌ടിവിറ്റി വർദ്ധിപ്പിക്കാനാണ് പുതിയ പദ്ധതിയെന്ന് വ്യവസായ വകുപ്പ് മന്ത്രി എം ബി പാട്ടീൽ കഴിഞ്ഞദിവസം പറഞ്ഞു.

'പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ചും കോട്ടങ്ങളെക്കുറിച്ചും സിവിൽ ഏവിയേഷൻ വിദഗ്ദ്ധരുമായി ചർച്ചകൾ നടത്തുന്നുണ്ട്. പദ്ധതിക്കാവശ്യമായ മുതൽമുടക്കിനെക്കുറിച്ച് ആരായാൻ സ്റ്റാർ എയറിന്റെ ഉടമയായ സഞ്ജയ് ഗോദാവത്തുമായി കൂടിക്കാഴ്ച നടത്തി. ഒരു വിമാനത്തിന് മാത്രം 200 കോടി ചെലവ് വരും. മൂന്നെണ്ണം വാങ്ങുകയാണെങ്കിൽ 600 കോടി വേണ്ടിവരും. പാട്ടത്തിന് വിമാനം എടുക്കുകയാണെങ്കിൽ ചെലവ് ഇത്രയും വരില്ല. 600 കോടി സർക്കാരിനെ സംബന്ധിച്ച് വലിയ തുകയാണെന്ന് തോന്നുന്നില്ല.

സംസ്ഥാനത്തിന് സ്വന്തമായി വിമാനക്കമ്പനി എന്നത് പ്രാദേശിക കണക്‌ടിവിറ്റി മെച്ചപ്പെട്ടാൽ അസാദ്ധ്യമായിരിക്കില്ല. പദ്ധതി നടപ്പിലായാൽ മൈസൂരു- ബംഗളൂരു, ബംഗളൂരു- കലബുറഗി, ബംഗളൂരു- ഹുബ്ബാലി, മൈസൂരു- കലബുറഗി, ബംഗളൂരു- ശിവമോഗ തുടങ്ങിയ റൂട്ടുകളിൽ സർവീസ് സാദ്ധ്യമാവും.

കർണാടകയുടെ സ്വന്തം സിവിൽ ഏവിയേഷൻ നയം രൂപീകരിക്കുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ബഡ്‌ജറ്റിലെ വാഗ്ദാനത്തിന് അനുസൃതമായാണ് സ്വന്തം വിമാനക്കമ്പനി എന്ന പദ്ധതി ആവിഷ്കരിക്കുന്നത്. ഹംപിയിൽ സർക്കാർ ഹെലിപോർട്ട് വികസിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ ധർമസ്ഥല, കുടക്, ചിക്കമംഗളൂരു എന്നിവിടങ്ങളിൽ എയർ സ്‌ട്രിപ്പികൾ വികസിപ്പിക്കുന്നുണ്ട്'- മന്ത്രി വ്യക്തമാക്കി.

കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ എസ്‌ ഐ ഐ ഡി സി) മുഖേന സംസ്ഥാനത്ത് പുതുതായി നിർമിക്കുന്ന വിമാനത്താവളങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ പദ്ധതിയിൽ നിന്നാണ് സംസ്ഥാനത്തിന്റെ സ്വന്തം എയർലൈൻ ആരംഭിക്കാനുള്ള ആശയം ഉടലെടുത്തത്.

പുതുതായി നിർമിച്ച ശിവമോഗ വിമാനത്താവളം സർക്കാർ കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ വിമാനത്താവളമാണ്. വിജയപുര, റായ്ച്ചൂർ, ബല്ലാരി, കാർവാർ, ഹാസൻ എന്നിവിടങ്ങളിൽ വരാനിരിക്കുന്ന വിമാനത്താവളങ്ങളും സർക്കാരിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുകയെന്നാണ് വിവരം.