ആദിത്യ എൽ - 1: ആദ്യഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൂര്യ ഗവേഷണ പേടകമായ ആദിത്യ എൽ - 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഇന്നലെ രാവിലെ 11.40നായിരുന്നു ഭ്രമണപഥം ഉയർത്തൽ. ആദിത്യയുടെ പ്രവർത്തനം കാര്യക്ഷമമാണെന്നും അടുത്തഘട്ട ഭ്രമണപഥം ഉയർത്തൽ സെപ്തംബർ അഞ്ചിന് പുലർച്ചെ മൂന്നിന് നടക്കുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. ഇനി നാല് തവണ കൂടി ഭ്രമണപഥം ഉയർത്തും.
നിലവിൽ ഭൂമിയിൽ നിന്ന് 245 കിലോമീറ്ററിനും 22,459 കിലോമീറ്ററിനും ഇടയിലുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യയുടെ സ്ഥാനം. ദൗത്യത്തിൽ 125 ദിവസം കൊണ്ട് ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷമാണ് ആദിത്യ സൂര്യനെ വലംവച്ചു തുടങ്ങുക. ശനിയാഴ്ച രാവിലെ രാവിലെ 11.50നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പി.എസ്.എൽ.വി - എക്സ്.എൽ.സി 57 റോക്കറ്റിൽ ആദിത്യ വിക്ഷേപിച്ചത്.