ത്രീ, ടൂ, വൺ... രാജ്യത്തിന്റെ നെഞ്ചിടിപ്പ് കൂട്ടിയ ആ കൗണ്ട്‌ഡൗൺ ശബ്ദം ഇനിയില്ല; എൻ വളർമതി അന്തരിച്ചു
Monday 04 September 2023 9:52 AM IST
ചെന്നൈ: ത്രീ, ടൂ, വൺ... ചന്ദ്രയാൻ 3 വിക്ഷേപണ സമയത്ത് രാജ്യത്തെയൊന്നാകെ മുൾമുനയിൽ നിർത്തിയതായിരുന്നു ആ കൗണ്ട്‌ഡൗൺ. എന്നാൽ ഇനി ഐ എസ് ആർ ഒ നടത്തുന്ന ഒരു റോക്കറ്റ് വിക്ഷേപണത്തിനും ഈ ശബ്ദം കേൾക്കാനാകില്ല. കാരണം ആ ശബ്ദത്തിന്റെ ഉടമയായ എൻ വളർമതി (64) യാത്രയായി.
ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു വളർമതിയുടെ അന്ത്യം. 1984ലാണ് തമിഴ്നാട് സ്വദേശിനിയായ അവർ ഐ എസ് ആർ ഒയിലെത്തിയത്. ഐ എസ് ആർ ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങളിലെ കൗണ്ട്‌ഡൗൺ ശബ്ദം വളർമതിയുടേതായിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിംഗ് സാറ്റ്‌ലൈറ്റായ റിസാറ്റ് 1ന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു വളർമതി. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ അബ്ദുൾ കലാം പുരസ്‌കാരം ആദ്യം നേടിയതും അവരായിരുന്നു.