പാകിസ്ഥാനിൽ ഭർത്താവും സഹോദരങ്ങളും യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; മരത്തിൽ കെട്ടിയിട്ട് കല്ലെറിഞ്ഞുകൊന്നു
Monday 04 September 2023 11:12 AM IST
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ യുവതിയെ ഭർത്താവും സഹോദരങ്ങളും കല്ലെറിഞ്ഞു കൊന്നു. ലാഹോറിൽ നിന്ന് അഞ്ഞൂറ് കിലോമീറ്റർ അകലെ രാജൻപൂർ ജില്ലയിൽ വെള്ളിയാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവതിയെ കൊന്നതെന്ന് പൊലീസ് അറിയിച്ചു. യുവാവും രണ്ട് സഹോദരന്മാരും ചേർന്ന് യുവതിയെ മരത്തിൽ കെട്ടിയിടുകയും, കല്ലെറിഞ്ഞ് കൊല്ലുകയുമായിരുന്നു. ഇതിനുമുമ്പ് പ്രതികൾ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.
സമാനരീതിയിൽ പാകിസ്ഥാനിൽ പ്രതിവർഷം ഏകദേശം ആയിരത്തോളം സ്ത്രീകൾ കൊല്ലപ്പെടുന്നുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ പേരിലോ, അവിഹിതബന്ധത്തിന്റെ പേരിലോ ഒക്കെയാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങൾ നടക്കുന്നത്.