' ശ്രീദേവിയുടെ മരണം അപകടമല്ല,​ കൊലപാതകം ' ; ഋഷിരാജ് സിംഗിന്റെ വെളിപ്പെടുത്തലിൽ മറുപടിയുമായി ബോണികപൂർ

Friday 12 July 2019 10:16 PM IST

മുംബയ് : ഒരു ഇടവേളയ്ക്ക് ശേഷം നടി ശ്രീദേവിയുടെ മരണം ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായിരുന്നു. ശ്രീദേവിയുടേത് അപകടമരണമല്ല കൊലപാതകമാകാനാണ് സാദ്ധ്യതയെന്ന് അടുത്തിടെ അന്തരിച്ച ഫോറൻസിക് വിദഗ്ദ്ധൻ ഡോ. ഉമാദത്തൻ തന്നോടു പറഞ്ഞിരുന്നതായി ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് വെളിപ്പെടുത്തിയിരുന്നു. കേരളകൗമുദി പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു ഡി.ജി.പി ഇക്കാര്യം പറഞ്ഞത്.

എന്നാൽ ഋഷിരാജ് സിംഗിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂർ. 'അത്തരം കള്ളക്കഥകളോട് ഞാൻ പ്രതികരിക്കുന്നില്ല. ഇത്തരം കള്ളക്കഥകൾ പ്രചരിക്കുന്നത് ഇനിയും തുടരും. ഇത് ഒരാളുടെ സങ്കല്‍പം മാത്രമാണ്,' ബോണി കപൂർപറഞ്ഞു.

ദുബായിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയിലെ ബാത് ടബ്ബിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും വാദങ്ങൾ ഉയർന്നിരുന്നു.. ശ്രീദേവിയുടെ ഭര്‍ത്താവും നിർമ്മാതാവുമായിരുന്നു ബോണി കപൂറായിരുന്നു സംശയത്തിന്റെ നിഴലിൽ ഉണ്ടായിരുന്നത്.. പിന്നീട് ഈ ശ്രീദേവിയുടേത് അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.


ഹൃദയാഘാതം മൂലമാണ് ശ്രീദേവി മരിച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ ബാത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു എന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്. മരണകാരണം ശ്വാസകോശത്തിൽ വെള്ളം കയറിയാണെന്നാണ് റിപ്പോർട്ട്. ബോധരഹിതയായി ബാത് ടബ്ബിൽ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് ദുബായ് പൊലീസ് പറഞ്ഞത്.

അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണ് സാദ്ധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാൾ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തിൽ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ല. ആരെങ്കിലും കാലുയർത്തിപ്പിടിച്ച് തല വെള്ളത്തിൽ മുക്കിയാൽ മാത്രമേ മുങ്ങിമരിക്കൂ' എന്നായിരുന്നു ഋഷിരാജ് സിംഗ് ലേഖനത്തിൽ വ്യക്തമാക്കിയത്.