ഡിഎംകെ നേതാവ് അഴഗിരിയുടെ വലംകൈയായ ഗുണ്ടാ നേതാവിനെ വെട്ടി, ആക്രമികൾ എത്തിയത് തമിഴ്‌നാട് രജിസ്‌ട്രേഷനിലുളള കാറിൽ

Tuesday 05 September 2023 9:58 AM IST

ബംഗുളൂരു: ഡി എം കെ നേതാവ് എം കെ അഴഗിരിയുടെ സഹായിക്ക് നേരെ അജ്ഞാതരായ അഞ്ചംഗ സംഘത്തിന്റെ ആക്രമണം.സഹായിയായ വി കെ ഗുരുസ്വാമി മൂർത്തി (77) യെ ഒരു കൂട്ടം അജ്ഞാതർ റസ്​റ്റോറന്റിൽ വച്ച് വെട്ടുകത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.

അക്രമത്തിനിരയായ ഗുരുസ്വാമി മധുരയിലെ ഒരു ഗുണ്ടയാണ്.ഗുരുസ്വാമി ഇടനിലക്കാരനുമൊത്ത് റിയൽ എസ്​റ്റേ​റ്റ് ചർച്ചയ്ക്കായിട്ടാണ് ബംഗുളൂരുവിൽ എത്തിയത്.ഞായറാഴ്ച ബംഗുളൂരുവിൽ എത്തിയ ഗുരുസ്വാമി ഹോട്ടലിലായിരുന്നു താമസം. കമ്മനഹളളിയിലെ ഒരു റസ്​റ്റോറന്റിൽ വച്ച് മൂർത്തിയും ഇടനിലക്കാരനും സംസാരിച്ചുക്കൊണ്ടിരിക്കുന്നതിനിടെയാണ് തമിഴ്‌നാട് രജിസ്‌ട്രേഷനിൽ ഉളള വാഹനത്തിൽ എത്തിയ സംഘം ആക്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു.പരിക്കേ​റ്റ ഗുരുസ്വാമി ചികിത്സയിലാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.