കുടുംബ വഴക്ക്; മലപ്പുറത്ത് ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകൻ പൊലീസിൽ കീഴടങ്ങി
മലപ്പുറം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മലപ്പുറം വഴിക്കടവ് പ ഞ്ചായത്തിലെ മരുത ആനടിയിൽ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കുറച്ച് നാളായി മനോജിന്റെ ഭാര്യയും മക്കളും പിതാവിന്റെ കൂടെയാണ് താമസിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ വരുത്തി ചർച്ച നടത്തിയിരുന്നു. പ്രതി പ്രഭാകരന്റെ വീട്ടിലെത്തിയാണ് കൊലപ്പെടുത്തിയത്.
അതേസമയം, ഇന്ന് എറണാകുളത്ത് പെൺകുട്ടിയെയും മുത്തശ്ശിയെയും മുത്തശ്ശനെയും വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങോൽ സ്വദേശി ബേസിൽ (എൽദോസ്) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പെരുമ്പാവൂർ രായമംഗലത്തെ അൽക്ക അന്ന ബിനുവിനെയാണ് (19) വീട്ടിൽ കയറി വെട്ടിയത്. അൽക്ക നഴ്സിംഗ് വിദ്യാർത്ഥിയാണ്. സംഭവത്തിൽ വെട്ടേറ്റ ഔസേപ്പ്, ഭാര്യ ചിന്നമ്മ, പേരക്കുട്ടി അൽക്ക എന്നിവർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട ബേസിൽ പിന്നീട് ഇരിങ്ങോലിലെ സ്വന്തം വീട്ടിലെത്തിയാണ് തൂങ്ങി മരിച്ചത്.