മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ; മുകേഷ് എം നായർക്കെതിരെ രണ്ട് കേസുകൾ കൂടി

Wednesday 06 September 2023 10:57 AM IST

തിരുവനന്തപുരം: യൂട്യൂബർ മുകേഷ് എം നായർക്കെതിരെ എക്സൈസിന്റെ രണ്ട് കേസുകൾ കൂടി. ബാറുകളിലെ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം നൽകിയതിനാണ് കേസ്. ബാർ ലൈസൻസികളെയും പ്രതി ചേർത്തു. കൊട്ടാരക്കര, തിരുവനന്തപുരം ഇൻസ്പെക്ടർമാരാണ് മുകേഷിനെതിരെ കേസെടുത്തത്. നേരത്തേ കൊല്ലത്തും മുകേഷ് നായർക്കെതിരെ കേസെടുത്തിരുന്നു.

കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഇയാൾ പരസ്യം നൽകിയിരുന്നു. ബാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിനാണ് മുകേഷിനെതിരെ ഇന്നലെ എക്സൈസ് കേസെടുത്തത്. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. പരസ്യത്തിൽ മദ്യം കാണിച്ചിരുന്നു.

സംസ്ഥാനത്തെ നിലവിലെ അബ്കാരി ചട്ട പ്രകാരം ബാറുകൾക്ക് പരസ്യം നൽകാൻ സാധിക്കില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്. മുകേഷ് നായർ പങ്കുവച്ച വീഡിയോയിൽ മദ്യത്തിന്റെ ദൃശ്യങ്ങൾ കാണിച്ചിരുന്നു. ബാർ ലൈസൻസ് വയലേഷൻ വകുപ്പുകൾ ചേർത്താണ് എക്‌സൈസ് കേസ്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫോളോവേഴ്സുള്ള വ്‌ളോഗറാണ് മുകേഷ് നായർ. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കൂടുതലും ഫുഡ് വ്‌ളോഗ് വീഡിയോകളാണ് ചെയ്യുന്നത്.

കൊല്ലത്തെ റെസ്‌റ്റോ ബാറുമായി ബന്ധപ്പെട്ട് ചെയ്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രണ്ട് ലക്ഷത്തിൽ കൂടുതൽ പേരാണ് ഇൻസ്റ്റഗ്രാമിൽ കൂടി മാത്രം വീഡിയോ കണ്ടത്. അതേസമയം, മാസങ്ങൾക്ക് മുമ്പ് കള്ള് ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച യുവതിക്കെതിരെയും എക്‌സൈസ് നേരത്തേ കേസെടുത്തിരുന്നു. തൃശൂർ ചേർപ്പ് സ്വദേശിക്കെതിരെയാണ് എക്‌സൈസ് കേസെടുത്തത്.

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് കേസ്. കുണ്ടാളിക്കടവ് ഷാപ്പിൽ എത്തിയ യുവതി കള്ള് കുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് ചേർത്താണ് എക്‌സൈസ് കേസെടുത്തത്. യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.