കുട്ടികളെ കിട്ടാത്ത സ്വാശ്രയ കോളേജുകൾ

Thursday 07 September 2023 12:00 AM IST

പഠനത്തിനായി കുട്ടികളെ ലഭിക്കാത്ത സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളുടെ എണ്ണം സംസ്ഥാനത്ത് വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നു. എൻജിനിയറിംഗ് പ്രവേശനത്തിനുള്ള സർക്കാരിന്റെ മൂന്ന് അലോട്ട്‌മെന്റും പൂർത്തിയായപ്പോൾ പത്ത് വിദ്യാർത്ഥികളെപ്പോലും ലഭിക്കാത്ത സ്വകാര്യ സ്വാശ്രയ കോളേജുകളുടെ എണ്ണം മുപ്പതാണ്. ഇതിൽത്തന്നെ 14 കോളേജുകളിലേക്ക് അലോട്ട്‌മെന്റ് നേടിയ കുട്ടികളുടെ എണ്ണം അഞ്ചിൽ താഴെയാണ്. മൂന്ന് കോളേജുകളിലാകട്ടെ ഒരു വിദ്യാർത്ഥി പോലും പ്രവേശനം നേടിയിട്ടില്ല. 25ൽ താഴെ വിദ്യാർത്ഥികൾക്ക് അലോട്ട്‌‌മെന്റ് ലഭിച്ച കോളേജുകൾ 40 എണ്ണമുണ്ട്. നൂറിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് അലോട്ട്‌മെന്റ് ലഭിച്ച സ്വകാര്യ സ്വാശ്രയ കോളേജുകൾ 19 എണ്ണമാണ്.

പത്ത് കുട്ടികളെപ്പോലും കിട്ടാത്ത സ്വാശ്രയ എൻജിനിയറിംഗ് കോളേജുകൾ എങ്ങനെ നടത്തിക്കൊണ്ടുപോകും. ഇത്തരം കോളേജുകൾ മറ്റ് പലതരം കോഴ്സുകൾ അഭ്യസിപ്പിക്കുന്ന കോളേജുകളാക്കി മാറ്റാൻ അനുവദിക്കുന്നതാണ് നല്ലത്. പഠന നിലവാരവും മറ്റ് പഠന സൗകര്യങ്ങളും നിലവാരം പുലർത്താത്തതാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് വിദ്യാർത്ഥികൾ ഇത്തരം കോളേജിലേക്ക് അലോട്ട്‌മെന്റ് എടുക്കാത്തത്. ആവശ്യത്തിലധികം എൻജിനിയറിംഗ് കോളേജുകൾ അനുവദിക്കാൻ പാടുള്ളതായിരുന്നില്ല. എന്നാൽ ഇതെല്ലാം അനുവദിച്ച സ്ഥിതിക്ക് ജോലിസാദ്ധ്യതയുള്ള,​ എൻജിനിയറിംഗ് അല്ലാത്ത സാങ്കേതിക കോഴ്സുകളും മറ്റും പഠിപ്പിക്കുന്ന സ്ഥാപനങ്ങളാക്കി മാറ്റുന്നതാവും ഉചിതം. മൂന്ന് അലോട്ട്‌മെന്റിനു ശേഷവും ഒഴിവുവരുന്ന സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അനുമതി നല്‌‌കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അങ്ങനെ കുറെ കുട്ടികളെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ചില സ്വാശ്രയ കോളേജുകൾ. ഒഴിഞ്ഞുകിടക്കുന്ന സീറ്റിലേക്ക് കുട്ടികളെ കണ്ടെത്താൻ സർക്കാർ നിശ്ചയിച്ച ഫീസിലും കുറവു വരുത്തി ഓഫറുകളുമായി ചില കോളേജുകളും രംഗത്തുണ്ട്. ഇത്തരം നടപടികൾ എൻജിനിയറിംഗ് പഠനത്തിന്റെ നിലവാരം വീണ്ടും താഴോട്ടുപോകാനേ ഇടയാക്കൂ.

കൂടുതൽ വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് നേടിയത് സർക്കാർ മേഖലയിലുള്ള തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലാണ്. 757 കുട്ടികൾ. രണ്ടാംസ്ഥാനം എയ്‌ഡഡ് മേഖലയിലുള്ള കൊല്ലം ടി.കെ.എം കോളേജാണ് - 701 കുട്ടികൾ. മാനേജ്‌മെന്റ് ക്വാട്ടയിലുള്ള കുട്ടികൾകൂടി ചേരുന്നതോടെ കൂടുതൽപേർ പ്രവേശനം നേടുന്ന കോളേജായി ടി.കെ.എം മാറും.

മാനേജ്‌മെന്റ് ക്വാട്ടയിൽ വിദ്യാർത്ഥികളെ ലഭിച്ചില്ലെങ്കിൽ 50ൽ താഴെ കുട്ടികളുള്ള കോളേജുകൾക്ക് മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാകും. അതോടൊപ്പം തന്നെ പഠനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കുട്ടികൾ കേരളം വിട്ടാണ് പഠനസ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന സൂചനയും അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ വ്യക്തമായി. കേരള എൻജിനിയറിംഗ് റാങ്ക് പട്ടികയിലെ ആദ്യ 100 റാങ്കുകാരിൽ ഒരാൾപോലും കേരളത്തിലെ എൻജിനിയറിംഗ് കോളേജുകളിൽ പ്രവേശനം നേടിയില്ല. 117-ാം റാങ്കുള്ളയാളാണ് പ്രവേശനം നേടിയവരിൽ ഉയർന്ന റാങ്കുള്ള വിദ്യാർത്ഥി. ആദ്യ 1000 റാങ്കുകാരിൽ 223 പേരും 2000ൽ 563 പേരുമാണ് കേരളത്തിൽ പ്രവേശനം നേടിയത്. ഇക്കാര്യങ്ങളെല്ലാം വിശദമായി വിലയിരുത്തി സാങ്കേതിക സർവകലാശാല എൻജിനിയറിംഗ് പഠനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം.

Advertisement
Advertisement