വോട്ടെണ്ണൽ നാളെ: നെഞ്ചിടിപ്പോടെ മുന്നണികൾ

Thursday 07 September 2023 12:43 AM IST

കോട്ടയം: പോളിംഗ് ശതമാനക്കുറവ് മുന്നണി നേതാക്കളുടെ ഉറക്കം കെടുത്തുന്നതിനിടെ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ 8 ന് കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്പ് ഫലപ്രഖ്യാപനമുണ്ടാകും. 14 മേശകളിലായി 13 റൗണ്ടുകളായാണ് 182 ബൂത്തുകളിലെ വോട്ടെണ്ണുക. 80 വയസ് പിന്നിട്ടവരും, ഭിന്നശേഷിക്കാരുമായ 2491 പേർ വീടുകളിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ വോട്ടുകൾ അഞ്ചു മേശകളിലായി എണ്ണും.

ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിലെ അതി വൈകാരികത ഉപതിരഞ്ഞെടുപ്പിൽ സഹതാപ തരംഗമായി പോളിംഗ് 80 ശതമാനം കടക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടിയിരുന്നു. 72.86 ശതമാനമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്ക്. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2570 വോട്ടിന്റെ കുറവ്.പോളിംഗ് മനഃപൂർവം കുറയ്ക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ശ്രമിച്ചെന്ന ആരോപണം യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ഉന്നയിച്ചത് ശരി വച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തിയിരുന്നു. 182ൽ 179 ബൂത്തിലും നിശ്ചിത സമയത്ത് പോളിംഗ് പൂർത്തിയായിരുന്നു. വോട്ടർമാരുടെ എണ്ണം കൂടിയ ബൂത്തുകളിലാണ് കാലതാമസമുണ്ടായത്. ഇതുസംബന്ധിച്ച പരാതി പരിശോധിക്കുമെന്ന് കളക്ടർ വിഗ്നേശ്വരി അറിയിച്ചു.

പോളിംഗ് ശതമാനത്തിൽ നേരിയ കുറവുണ്ടായത് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞത്. യു.ഡു.എഫിന് 20000ന് മുകളിൽ ഭൂരിപക്ഷം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ ശക്തി കേന്ദ്രങ്ങളിൽ ഉയർന്ന പോളിംഗ് നടന്നതിനാൽ ജെയ്ക്ക് നല്ല മാർജിനിൽ ജയിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ബി.ജെ.പി വോട്ടുകൾ യു.ഡി.എഫ് പക്ഷത്തേക്ക് മറിഞ്ഞാലെ ജെയ്ക്ക് തോൽക്കൂ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. തോൽക്കുമെന്നുറപ്പായപ്പോഴുള്ള മുൻകൂർ ജാമ്യമെടുക്കലാണ് ഇതെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ മറുപടി.

 ചാ​ണ്ടി​ ​ഉ​മ്മൻ ജ​യി​ക്കു​മെ​ന്ന് ​സ​ർ​വേ

പു​തു​പ്പ​ള്ളി​യി​ൽ​ 53​ ​ശ​ത​മാ​നം​ ​വോ​ട്ട് ​നേ​ടി​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ചാ​ണ്ടി​ ​ഉ​മ്മ​ൻ​ ​ജ​യി​ക്കു​മെ​ന്ന് ​ആ​ക്സി​സ് ​മൈ​ ​ഇ​ന്ത്യ​ ​സ​ർ​വേ​ ​ഫ​ലം.​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ജെ​യ്‌​ക്ക് ​സി.​ ​തോ​മ​സി​ന് 39​ ​ശ​ത​മാ​ന​വും,​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​ലി​ജി​ൻ​ ​ലാ​ലി​ന് ​അ​ഞ്ച് ​ശ​ത​മാ​ന​വും​ ​വോ​ട്ട് ​കി​ട്ടും.​ ​മ​റ്റു​ള്ള​വ​ർ​ 3​ ​ശ​ത​മാ​നം​ ​വോ​ട്ട് ​നേ​ടു​മെ​ന്നും​ ​പ്ര​വ​ചി​ക്കു​ന്നു.​ ​യു.​ഡി.​എ​ഫി​ന് ​എ​ൽ.​ഡി.​എ​ഫി​നെ​ക്കാ​ൾ​ 14​ ​ശ​ത​മാ​നം​ ​വോ​ട്ട് ​കൂ​ടു​ത​ൽ​ ​ല​ഭി​ക്കും. 1,31,026​ ​വോ​ട്ടാ​ണ് ​പോ​ൾ​ ​ചെ​യ്ത​ത്.​ ​യു.​ഡി.​എ​ഫി​ന് 69,443​ഉം​ ​എ​ൽ.​ഡി.​എ​ഫി​ന് 51,100​ഉം​ ​എ​ൻ.​ഡി.​എ​യ്‌​ക്ക് 6551​ഉം​ ​വോ​ട്ട് ​ല​ഭി​ക്കും.​ ​ചാ​ണ്ടി​ ​ഉ​മ്മ​ന് 18,000​ല​ധി​കം​ ​ഭൂ​രി​പ​ക്ഷം​ ​ല​ഭി​ക്കാ​മെ​ന്നും​ ​എ​ക്സി​റ്റ് ​പോ​ൾ​ ​പ​റ​യു​ന്നു.