തടവുപുള്ളിയായ കാമുകന് കഞ്ചാവ് എത്തിച്ചു, ഫോണിൽ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തു; വനിതാ പ്രിസൺ ഓഫീസർക്ക് തടവ്‌ശിക്ഷ വിധിച്ച് കോടതി
മാഞ്ചസ്‌റ്റർ: ജയിൽപുള്ളിയായ കാമുകന് അനധികൃതമായി കഞ്ചാവും മറ്റ് ലഹരിവസ്‌തുക്കളും എത്തിക്കുകയും നഗ്നചിത്രങ്ങൾ അയക്കുകയും ചെയ്‌ത ഉദ്യോഗസ്ഥയ്‌ക്ക് തടവുശിക്ഷ. ഇംഗ്ളണ്ടിലെ ഗ്രേറ്റർ മാഞ്ചസ്‌റ്ററിലുള്ള സാൽഫോർഡിലെ എച്ച്എംപി ഫോറസ്റ്റ് ബാങ്ക് ജയിലിലെ പ്രിസൺ ഓഫീസറായിരുന്ന ജോവാൻ ഹണ്ടറിനാണ്(27) മാഞ്ചസ്‌റ്റർ ക്രൗൺ കോടതി മൂന്ന് വർഷം തടവുശിക്ഷ വിധിച്ചത്.
ഔദ്യോഗിക ഓഫീസിൽ മോശമായി പെരുമാറിയതിനും തടവുപുള്ളിക്ക് ലഹരിവസ്‌തു നൽകിയതിനും ജോവാനെതിരെ ചുമത്തിയ കുറ്റം തെളിഞ്ഞതോടെയാണ് മൂന്ന് വർഷം തടവിന് ഇവരെ ശിക്ഷിച്ചത്. ക്രിമിനൽ കേസിൽ തടവിലായിരുന്ന കോണർ വില്ലിസ് താനുമായി പ്രണയത്തിലാണെന്ന് പ്രിസൺ ഓഫീസറായ ജോവാൻ കരുതി. ഇയാൾക്ക് ജോവാൻ അയച്ച ചിത്രങ്ങൾ ഫോണിൽ നിന്നും കണ്ടെത്തിയിരുന്നു.
2019ലാണ് ഹണ്ടർ തടവുപുള്ളിയെ ആദ്യമായി കണ്ടത്. പിന്നീട് ഇരുവരും തമ്മിൽ നല്ല ബന്ധത്തിലായി.2020ൽ കോണറിനായി ഹണ്ടർ സാധനങ്ങൾ ജയിലിനുള്ളിലേക്ക് കടത്തുന്നതായി ജയിൽ അധികൃതർക്ക് വിവരം ലഭിച്ചു. തനിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നെന്നും എന്നാൽ അതിനപ്പുറത്തേക്ക് കടന്നിട്ടില്ലെന്നുമാണ് ജോവാൻ ഹണ്ടർ വ്യക്തമാക്കിയത്. ഹണ്ടർ നിഷ്‌കളങ്കയും ദുർബലയുമായ ഒരു പെൺകുട്ടിയായി ഈ ബന്ധത്തിൽ മാറിയെന്ന് കേസ് വാദത്തിനിടെ അഭിഭാഷകൻ വാദിച്ചു. മൂന്ന് വർഷത്തിന് മുൻപ് നടന്ന സംഭവത്തിൽ ഇതോടെ ഹണ്ടർ ജയിലിൽ അടയ്‌ക്കപ്പെട്ടു.