കോട്ടയത്തെ ഇറച്ചിക്കടയിൽ പതിവില്ലാതെ യുവാക്കൾ വന്നുപോകുന്നു, ലക്ഷ്യം കോഴിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ സംഗതി പൊക്കി

Thursday 07 September 2023 2:03 PM IST

കോട്ടയം: കോഴിയിറച്ചികടയുടെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിവന്ന അന്യസംസ്ഥാന തൊഴിലാളികൾ എക്‌സൈസ് പിടിയിൽ. ആസ്സാം സ്വദേശികളായ ഹബീബുള്ള (23), റഷീദുൾ ഹക്ക് (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 50ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. സംക്രാന്തിയിൽ പ്രവർത്തിക്കുന്ന കോഴിക്കടയിൽ നിരവധി ചെറുപ്പക്കാരുടെ സാന്നിധ്യം മനസിലാക്കിയ എക്‌സൈസ് സംഘം വേഷംമാറി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. നാട്ടുകാരുടെ സാന്നിധ്യത്തിൽ കട പരിശോധിച്ചപ്പോഴാണ് കോഴിക്കൂട്ടിലും ഇറച്ചിവെട്ടുന്ന പലകയുടെ അടിയിലും കഞ്ചാവ് പൊതികൾ ഒളിപ്പിച്ചത് കണ്ടെത്തിയത്. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു. കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ.പി സിബി, പ്രിവന്റീവ് ഓഫീസർമാരായ ബി.ആനന്ദ് രാജ്, എ.ബാലചന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർ ശ്രീകാന്ത് ടി.എം, ഡ്രൈവർ അനസ് സി.കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.