'ഞങ്ങൾക്കങ്ങനെ റൊമാൻഡിക് സ്‌പാർക്കൊന്നും ഉണ്ടായിട്ടില്ല, അത് കുറച്ച് ആൾക്കാരൊക്കെ ചേർന്ന് ആക്കിയതാണ്'; ബിന്ദു പണിക്കരുമായുള്ള വിവാഹത്തെക്കുറിച്ച് സായ്‌കുമാർ

Thursday 07 September 2023 3:15 PM IST

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സായ് കുമാറും ബിന്ദു പണിക്കറും. ഇരുവരുമാണ്‌ കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിൽ ഇത്തവണ അതിഥികളായെക്കിയത്. തങ്ങളുടെ കുടുംബ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമൊക്കെ ദമ്പതികൾ പങ്കുവയ്ക്കുന്നു.

സായ്കുമാർ നല്ലൊരു കുക്കാണെന്ന് ബിന്ദു പണിക്കർ പറയുന്നു. 'ഞങ്ങളെട്ടുപേരാണ്. ഏഴ് പെണ്ണും ഒരാണുമാണ്. അമ്മയും സഹോദരിമാരും നന്നായി കുക്ക് ചെയ്യും. ഇവരുടെ ഇടയിലാണല്ലോ ഞാൻ വളരുന്നത്. അപ്പോൾ സ്വാഭാവികമായി അടുക്കളയുമായി എനിക്ക് ബന്ധങ്ങളുണ്ടാകും. അന്നത്തെ പാചകങ്ങളൊക്കെ ചെറിയൊരു ഓർമയുണ്ട്. പിന്നെ എന്തെങ്കിലും സംശയം വരുമ്പോൾ ഞാൻ ഇവളോട് ചോദിക്കും.'- സായ്കുമാർ പറഞ്ഞു.


ആകാശദൂത് ഇതുവരെ മുഴുവൻ കണ്ടിട്ടില്ലെന്ന് സായ്കുമാർ പറഞ്ഞു. ' ആകാശദൂത് ഞാൻ ഇതുവരെ മുഴുവൻ കണ്ടിട്ടില്ല. അതഭിനയമാണെന്നൊക്കെ നമുക്കറിയാം. എങ്കിലും അത് കാണാൻ പറ്റില്ല. ബിന്ദു അതിനകത്ത് അഭിനയിച്ചിട്ടുണ്ട്. മാധവി മരിച്ച് കിടന്നിട്ട്, ഡെഡ്‌ബോഡി വച്ചേക്കുന്ന പെട്ടിക്കകത്തിരുന്ന് ലിപ്സ്റ്റിക് വരയ്ക്കുന്നതൊക്കെ അവൾ കണ്ടിട്ടുള്ളയാ. എന്നിട്ടും അവൾക്ക് കരച്ചിൽവരും...'- സായ്കുമാർ വ്യക്തമാക്കി.


നിങ്ങളുടെ റൊമാൻഡിക് തുടങ്ങിയതെങ്ങനെയാണെന്ന ചോദ്യത്തിനും സായ്‌കുമാർ മറുപടി നൽകി. 'ഞങ്ങൾക്കങ്ങനെ റൊമാൻഡിക് സ്‌പാർക്കൊന്നും ഉണ്ടായിട്ടില്ല. അത് കുറച്ച് ആൾക്കാരൊക്കെ ചേർന്ന് ആക്കിയതാണ്. ഞങ്ങൾ രണ്ടും, രണ്ട് വയർ രണ്ട് വഴിയിൽ കൂടി പോയതാണ്. അതിനെ കുറച്ച് ആൾക്കാർ ഉരച്ച് തീവന്നതാണ്. വന്ന സ്ഥിതിക്ക് എന്നാൽപ്പിന്നെ ആളിക്കത്തിക്കോട്ടെയെന്ന് കരുതി.'- സായ്കുമാർ പറഞ്ഞു.