ജി 20: ബൈഡനുൾപ്പെടെ ഇന്നെത്തും, ലോകശ്രദ്ധ ഇനി ഡൽഹിയിൽ
ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് ഒരു ദിവസം മാത്രം ശേഷിക്കെ ഡൽഹി നഗരത്തിന് ഇതുവരെ കണ്ടിട്ടില്ലാത്ത സുരക്ഷ. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് തുടങ്ങിയ നേതാക്കൾ ഇന്നെത്തും.
ഋഷി സുനക് ഇന്നുച്ചയ്‌ക്ക് 1.40നും ജോ ബൈഡൻ വൈകിട്ട് വൈകിട്ട് 6.55നും ഡൽഹിയിലെത്തും. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയ, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് തുടങ്ങിയവരും ഇന്നെത്തും. ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് രാവിലെ 8നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉച്ചയ്ക്ക് 12.35നുമാണ് എത്തുന്നത്. ബൈഡൻ ഐ.ടി.സി മൗര്യയിലും സുനക് ഷാംഗ്രീല ഹോട്ടലിലുമാണ് താമസം. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗനൗത്ത് ഇന്നലെയെത്തി. നാളെ പ്രഗതി മൈതാനിലെ മുഖ്യവേദിയായ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളെ സ്വീകരിക്കും.