'രാവണനും കംസനും കഴിഞ്ഞില്ല, പിന്നെയാണോ അധികാര മോഹികളായ പരാദങ്ങൾക്ക്'? സനാതന ധർമ്മമാണ് ശാശ്വത സത്യമെന്ന് യോഗി

Friday 08 September 2023 11:57 AM IST

ലക്‌നൗ: സനാതന ധ‌ർമ്മത്തിനുനേരെ മുൻപും ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും അവയെല്ലാം പരാജയപ്പെട്ടിട്ടുണ്ടെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏതെങ്കിലും അധികാര മോഹികളായ പരാതങ്ങൾക്ക് ഇന്നും സനാതന ധർമ്മത്തെ മുറിവേൽപ്പിക്കാൻ സാധിക്കില്ലെന്നും യോഗി കൂട്ടിച്ചേർത്തു. സമൂഹമാദ്ധ്യമ പോസ്റ്റിലൂടെയും വീഡിയോയിലൂടെയുമായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമർശം. ജന്മാഷ്ടമി ദിനത്തോടനുബന്ധിച്ച് ഇന്നലെ നടന്ന സാംസ്‌കാരിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാവണന്റെ അഹങ്കാരത്തിന് സനാധന ധർമ്മത്തെ മായ്‌ക്കാനായില്ല, കംസന്റെ ആക്രോശത്തിന് സനാധനത്തെ കുലുക്കാനായില്ല, ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകൾക്ക് സനാധനത്തെ ഉന്മൂലനം ചെയ്യാനായില്ല. അധികാര മോഹികളായ ഈ നിസാര പരാദങ്ങൾക്ക് സനാധനത്തെ തുടച്ചുനീക്കാനാവുമോ'? യോഗി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

സൂര്യനെപ്പോലെ സനാധന ധർമ്മം ഊർജസ്രോതസാണെന്ന് യോഗി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. 'ഒരു വിഡ്‌ഢിക്കുമാത്രമേ സൂര്യനുനേരെ തുപ്പാൻ കഴിയുകയുള്ളൂ. കാരണം തുപ്പുന്നവന്റെ മുഖത്തേയ്ക്ക് തന്നെ അത് തിരികെയെത്തും. ദൈവത്തെ തകർക്കാൻ ശ്രമിക്കുന്നവർ സ്വയം നശിക്കും. 500 വർഷം മുൻപ് സനാധനത്തെ അപമാനിച്ചു. ഇന്ന് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കപ്പെടുകയാണ്. പ്രതിപക്ഷം രാഷ്‌‌ട്രീയം കളിച്ച് ഇന്ത്യയുടെ പുരോഗതിയെ തടയാൻ ശ്രമിക്കുകയാണ്. പക്ഷേ അത് പ്രാവർത്തികമാക്കാനാകില്ല.

സത്യത്തെ വ്യാജമാക്കാൻ പല ശ്രമങ്ങൾ എല്ലാ കാലഘട്ടത്തിലും നടന്നിട്ടുണ്ട്. രാവണൻ കള്ളം പറഞ്ഞിട്ടില്ലേ? ഹിരണ്യകശ്യപു ദൈവത്തെയും സനാധനത്തെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലേ? കംസൻ ദൈവീക അധികാരത്തെ വെല്ലുവിളിച്ചിട്ടില്ലേ? പക്ഷേ അവരുടെയെല്ലാം ശ്രമങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്. സനാധന ധർമ്മമാണ് ശാശ്വത സത്യം. അത് തകർക്കാനാകില്ല'- മുഖ്യമന്ത്രി പറഞ്ഞു.