കേരളത്തിന് പിന്നാലെ ത്രിപുരയിലും അടിപതറി സിപിഎം; ഉപതിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് പോയി

Friday 08 September 2023 12:47 PM IST

അഗർത്തല: കേരളത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനോട് അടിപതറിയ സിപിഎമ്മിന് ത്രിപുരയിൽ സിറ്റിംഗ് സീറ്റിൽ വമ്പൻ തോൽവി. പാർട്ടി ശക്തികേന്ദ്രത്തിൽ സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശ് പോലും നഷ്‌ടമായി. ബോക്‌സാനഗർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയോട് 29,965 വോട്ടിന്റെ വമ്പൻ തോൽവിയാണ് സിപിഎം ഏറ്റുവാങ്ങിയത്. പുതുപ്പള്ളിയിൽ പിതാവിന്റെ മരണത്തിൽ മത്സരിച്ച മകന് വിജയം നേടിയെങ്കിൽ ത്രിപുരയിൽ അത് നേടാനായില്ല.

സിപിഎം എംഎൽ‌എയായ സംസുൽ ഹഖിന്റെ നിര്യാണത്തിനെ തുടർന്നാണ് ബോക്‌സാനഗറിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർത്ഥി തഫജ്ജൽ ഹുസൈൻ 34146 വോട്ട് നേടി. സിപിഎമ്മിന്റെ മിർസാൻ ഹുസൈൻ 3909 വോട്ട് മാത്രമാണ് നേടിയത്. 2003 മുതൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സിപിഎം ജയിച്ചുവന്ന മണ്ഡലമാണ് ബിജെപി പിടിച്ചെടുത്തത്. അന്തരിച്ച സിപിഎം എംഎൽഎ സംസുൽ ഹഖിന്റെ മകനാണ് മിർസാൻ ഹുസൈൻ. ധൻപൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർത്ഥി മികച്ച വിജയം നേടി. 18871 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥിയുടെ വിജയം.

ബിജെപി സ്ഥാനാർത്ഥി ബിന്ദു ദേബ്നാഥ് 30017 വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിലെ കൗഷിക് ചന്ദ 11146 വോട്ടുകളാണ് നേടിയത്. ഇരുസീറ്റുകളിലും കോൺഗ്രസും തിപ്ര മോത്ത പാർട്ടിയും തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.