വിമാനത്തിൽ വനിതാ ഫ്ളൈറ്റ് അറ്റന്റന്റിന് നേരെ ലൈംഗികാതിക്രമ ശ്രമം, തടയാനെത്തിയവർക്ക് നേരെ നഗ്നതാ പ്രദർശനം; 30 വയസുകാരൻ പിടിയിൽ

Friday 08 September 2023 2:22 PM IST

മുംബയ്: വനിതാ ഫ്ളൈറ്റ് അറ്റന്റന്റിന് നേരെ ലൈംഗികഅതിക്രമത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. മ‌സ്‌കറ്റിൽ നിന്നും ധാക്കയിലേക്ക് പോകുകയായിരുന്ന വിസ്‌താര എയർലൈൻസിൽ വ്യാഴാഴ്‌ചയാണ് സംഭവമുണ്ടായത്. മുംബയ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപാണ് സംഭവം. ബംഗ്ളാദേശ് സ്വദേശിയായ മുഹമ്മദ് ദുലാൽ (30) ആണ് പിടിയിലായത്.

ഫ്ളൈറ്റ് അറ്റന്റന്റിനെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ഇയാൾ ശ്രമിച്ചു. സംഭവത്തെക്കുറിച്ച് അധികൃതർ പറയുന്നതിനങ്ങനെ. 'മസ്‌കറ്റിൽ നിന്ന് ധാക്കയിലേക്ക് പോകുകയായിരുന്നു മുഹമ്മദ് ദലാൽ എന്ന ബംഗ്ളാദേശ് സ്വദേശി. മുംബയിൽ ലാൻഡിംഗിന് അരമണിക്കൂർ മുൻപ് ഇയാൾ സീറ്റിൽ നിന്ന് എഴുന്നേൽക്കുകയും വനിതാ വിമാനജീവനക്കാരിയെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിച്ചു.' വിമാനത്തിലെ മറ്റ് ജീവനക്കാർ ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ ഇയാൾ നഗ്നതാപ്രദർശനത്തിനും ശ്രമിച്ചു. വിമാനത്തിലെ ക്യാപ്‌റ്റൻ നൽകിയ മുന്നറിയിപ്പ് ഇയാൾ വകവച്ചതേയില്ല.

വിമാനം മുംബയിൽ ലാൻഡ് ചെയ്‌തതിന് പിന്നാലെ ഇയാളെ സുരക്ഷാ ഓഫീസർമാക്ക് കൈമാറി. ഇവർ മുഹമ്മദ് ദുലാലിനെ സഹർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഫ്ളൈറ്റ് അറ്റന്റന്റിന്റെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്ത് അറസ്‌റ്റ് ചെയ്‌തു.