ജി 20 ഉച്ചകോടി; ജോ ബൈഡൻ ഇന്ത്യയിലെത്തി,​ മോദിയുമായി കൂടിക്കാഴ്ച നടത്തും,​ ന്യൂക്ലിയർ,​ പ്രതിരോധ മേഖലയിൽ നിർണായക ചർച്ച

Friday 08 September 2023 8:08 PM IST

ന്യൂഡൽഹി : നാളെ ആരംഭിക്കുന്ന ദ്വിദിന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തി. മൂന്ന് വർഷത്തിന് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. എയർഫോഴ്‌സ് വൺ വിമാനത്തിലെത്തിയ ബൈഡനെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേന്ദ്രസഹമന്ത്രി വി.കെ. സിംഗ് സ്വീകരിച്ചു. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബൈഡൻ ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക- പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കൽ,​ നേരിട്ടുള്ള വിദേശ നിക്ഷേപം വർദ്ധിപ്പിക്കൽ,​ കാലാവസ്ഥാ വ്യതിയാന പ്രതിരോധം,​ ഹരിത വാതകങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തും. ജെറ്റ് എൻജിൻ കരാർ,​ പ്രിഡേറ്റർ ഡ്രോൺ കരാർ,​ 5ജി,​6ജി സ്പെക്ട്രം ,​ സിവിൽ,​ ന്യൂക്ലിയർ മേഖലയിലും നൂതന സാങ്കേതിക വിദ്യയിലുമുള്ള സഹകരണം തുടങ്ങിയവയും ചർച്ചയാകും,​.

ബ്രീട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്,​ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ,​ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനിസ്,​ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയ ലോകനേതാക്കളും ജി 20 സമ്മേളനത്തിനായി ഇന്ത്യയിലെത്തിയിട്ടുണ്ട്.