ഡൽഹിയിൽ സുരക്ഷാ കവചം; ലോക്ഡൗൺ പ്രതീതി
ന്യൂഡൽഹി : ജി 20 ഉച്ചകോടിക്ക് യു.എസ് പ്രസിഡന്റ് അടക്കം ലോക നേതാക്കൾ സമ്മേളിക്കുന്ന രാജ്യതലസ്ഥാനം വിവിധ ഏജൻസികൾ തീർത്ത സുരക്ഷാകവചത്തിൽ. വ്യോമസേനയുടെ പോർവിമാനങ്ങളും, ആകാശ് മിസൈലുകളും അടക്കം സജ്ജമാണ്. ഡൽഹി പൊലീസിലെ അൻപതിനായിരം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രധാനവേദിയായ പ്രഗതി മൈതാനിന് പുറത്ത് സിവിൽ വേഷത്തിൽ 1500 പൊലീസുകാർ ഡ്യൂട്ടിയിലുണ്ടാകും.
ഡൽഹിയിലാകെ ലോക്ഡൗൺ പ്രതീതിയാണ്. ഇന്ന് പുലർച്ചെ അഞ്ച് മുതൽ നാളെ രാത്രി 11.59 വരെ ന്യൂഡൽഹി ജില്ലയാകെ കൺട്രോൾഡ് സോൺ - വൺ മേഖലയായിരിക്കും.
ഉച്ചകോടി വേദികളിലേക്ക് ഔദ്യോഗിക വാഹനങ്ങൾ ഒഴിവാക്കി, പ്രത്യേകം ഏർപ്പെടുത്തിയ ഷട്ടിൽ ബസുകൾ ഉപയോഗിക്കാൻ കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി. പ്രഗതി മൈതാൻ ഉൾപ്പെടെ സുപ്രധാന സുരക്ഷാമേഖലകളിൽ പ്രദേശവാസികൾക്ക് മാത്രമേ റോഡിൽ ഇറങ്ങാൻ അനുവാദമുള്ളൂ. അവർ തിരിച്ചറിയൽ കാർഡ് കരുതണം. മറ്റുള്ളവർക്ക് സുരക്ഷാമേഖലയിൽ കടക്കാൻ പ്രത്യേക പാസ് വേണം. കടകൾ തുറക്കാൻ അനുവാദമില്ല. പൊതു ബസ് സർവീസ് ഉണ്ടാവില്ല. ജനങ്ങൾ മെട്രോ സർവീസ് പരമാവധി ഉപയോഗിക്കണം. പുലർച്ചെ നാല് മുതൽ മെട്രോ സർവീസുകളുണ്ടാകും. പ്രഗതി മൈതാന് സമീപത്തെ സുപ്രീംകോടതി മെട്രോ സ്റ്രേഷൻ മാത്രമാണ് അടച്ചിടുന്നത്. ഈ സ്റ്റേഷൻ ഇന്നും നാളെയും സുരക്ഷാസേനയുടെ സമ്പൂർണ നിയന്ത്രണത്തിലായിരിക്കും. ഇന്നലെ മുതൽ മൂന്നു ദിവസം ഡൽഹിയിൽ പൊതു അവധിയാണ്. അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ ന്യൂഡൽഹി മേഖലയിലേക്ക് വിടുന്നില്ല.
രാജ്ഘട്ടിൽ ഡോഗ് സ്‌ക്വാഡ്
ബോംബും സ്ഫോടക വസ്തുക്കളുും മറ്റ് അത്യാധുനിക ആയുധങ്ങളും കണ്ടെത്താൻ നാഷണൽ സെക്ര്യൂരിറ്റി ഗാർഡിന്റെ കെ 9 സ്നൈപർ ഡോഗ് സ്‌ക്വാഡ് രാജ്ഘട്ട് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. മഹാത്മാ ഗാന്ധി സമാധിയായ രാജ്ഘട്ടിൽ ലോക നേതാക്കൾ സാഹചര്യത്തിലാണിത്. സെനോൻ, മിംഗ്, സോൺ, സോസോ, സിംഗർ തുടങ്ങിയ നായ്‌ക്കളാണ് സ്ക്വാഡിലുള്ളത്.