ഇനി കേരളത്തിൽ ഒരു തിരഞ്ഞെടുപ്പുമില്ല എന്ന പോലെയാണ് യു ഡി എഫിന്റെ പ്രചാരണം; ലോകം കീഴടക്കിയ ഭാവമാണെന്ന് മന്ത്രി റിയാസ്
കോട്ടയം: കേരളത്തിൽ എല്ലാ തിരഞ്ഞെടുപ്പും കഴിഞ്ഞു എന്ന രീതിയിലാണ് യു ഡി എഫ് പ്രചാരണം നടത്തുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ റെക്കാഡ് ഭൂരിപക്ഷത്തോടെ യു ഡി എഫിന്റെ ചാണ്ടി ഉമ്മൻ ജയിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് 80,144 വോട്ടും സി പി എം സ്ഥാനാർത്ഥി ജെയ്‌ക്ക് സി തോമസിന് 42,425 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് 11,903 വോട്ടുകൾ ജയ്ക്കിന് കുറഞ്ഞു. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെ എത്തിക്കാൻ സാധിച്ച ജയ്‌ക്കിന് ഇത്തവണ ഒരു പഞ്ചായത്തിൽപ്പോലും ലീഡ് നേടാനായില്ല. എട്ടു പഞ്ചായത്തുകളിൽ ആറിലും എൽ ഡി എഫ് ഭരണമാണെങ്കിലും എല്ലായിടത്തും ചാണ്ടിയുടെ തേരോട്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.
ജനവിധി മാനിക്കുന്നുവെന്നും തോൽവി വിശദമായി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. 'കേരളത്തിൽ ഇനി നടക്കാൻ ഒരു തിരഞ്ഞെടുപ്പുമില്ല, ഇതോടുകൂടി എല്ലാം കഴിഞ്ഞു എന്ന് തോന്നുന്ന രീതിയിൽ ലോകം കീഴടക്കിയ സംഭവം പോലെയാണ് യു ഡി എഫ് പ്രചാരണം നടത്തുന്നത്. ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. എൽ ഡി എഫ് ആകെ ദുർബലപ്പെട്ടു, സർക്കാർ ആകെ പ്രയാസത്തിലാണ് എന്നൊക്കെ വരുത്തി തീർക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നത്. ഇപ്പോൾ നടക്കുന്നത് ബോധപൂർവമായ പ്രചാരണമാണ്. എല്ലാം കീഴടക്കിക്കഴിഞ്ഞുവെന്ന പ്രചാരണമാണ് നടക്കുന്നത്. ഇത് യു ഡി എഫിൽ വലിയ നിലയിൽ അഹങ്കാരം വളരുന്നതിന് കാരണമാവും. അധികാരം പങ്കിടുന്ന ചർച്ചകളും വളരും. എൽ ഡി എഫിനെ സംബന്ധിച്ച് പാർട്ടി ജനവിധി അംഗീകരിക്കുന്നു. പാർട്ടി സെക്രട്ടറി കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്'- മന്ത്രി പറഞ്ഞു.