25 വർഷങ്ങൾക്കുശേഷം എബിയും വർഷയും
നിറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായ എബിയും വർഷയും ഒറ്റ ഫ്രെയിമിലൂടെ ആരാധകർക്കു മുന്നിൽ. പ്രിയതാരമായ കുഞ്ചാക്കോ ബോബനെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് ജോമോൾ തന്നെയാണ്. കുഞ്ചാക്കോ ബോബനൊപ്പം നിറഞ്ഞ ചിരിയോടെ ചേർന്നു നിൽക്കുന്ന ജോമോളാണ് ചിത്രത്തിലുള്ളത്. വിക്ടറി സൈൻ കാണിച്ചാണ് പോസ് ചെയ്യുന്നത്. 25 വർഷത്തെ ഇടവേളയ്ക്കു ശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ എന്നാണ് ജോമോൾ നൽകിയ അടിക്കുറിപ്പ്. 1999ൽ കമൽ സംവിധാനം ചെയ്ത കാമ്പസ് പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ നിറം സിനിമയിൽ സോന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശാലിനി ആണ് നായികയെങ്കിലും ജോമോളുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മികച്ച ഗാനങ്ങളായിരുന്നു ചിത്രത്തിലേത്. അതേസമയം, മയിൽപ്പീലിക്കാവ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ജോമോളും നായകനും നായികയുമായി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ജോമോൾ നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. 2017ൽ കെയർഫുൾ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സമൂഹമാദ്ധ്യമത്തിലും മിനിസ്ക്രീനിലും സജീവമാണ്. ചോക്ളേറ്റ് ഹീറോ ഇമേജിൽ നിന്നു മാറി നായകൻ, വില്ലൻ തുടങ്ങി ഏതു കഥാപാത്രവും അനായാസമായി കൈകാര്യം ചെയ്യുന്ന നടനായി കുഞ്ചാക്കോ ബോബൻ മാറി.