നയിക്കാൻ ഇന്ത്യ, ജി 20 ഉച്ചകോടിക്ക് സമാപനം

Monday 11 September 2023 12:00 AM IST

ന്യൂഡൽഹി: ഇന്ത്യയെ ആഗോള വേദിയിൽ നേതൃസ്ഥാനത്ത് പ്രതിഷ്‌ഠിച്ചാണ് 19-ാം ജി 20 ഉച്ചകോടി ഇന്നലെ സമാപിച്ചത്. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ ചൊല്ലിയുള്ള പാശ്ചാത്യ ലോബിയുടെ വിയോജിപ്പ് സംയുക്ത പ്രഖ്യാപനം അട്ടിമറിക്കുമെന്ന ആശങ്ക ഉയർന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞത അതിനെ മറികടന്നു. യുക്രെയിൻ അധിനിവേശത്തിൽ റഷ്യയെ കുറ്റപ്പെടുത്തിയ ബാലി ഉച്ചകോടി പ്രഖ്യാപനത്തിലെ പരാമർശങ്ങൾ ആവർത്തിക്കുമെന്നായിരുന്നു ആശങ്ക. എന്നാൽ, ഉറ്റസുഹൃത്തായ റഷ്യയെ കുറ്റപ്പെടുത്താൻ ഇന്ത്യ തയ്യാറായിരുന്നില്ല.

സമവായമാണ് ജി 20യുടെ കാതൽ. സമവായമില്ലെങ്കിൽ ഉച്ചകോടി തന്നെ പരാജയപ്പെട്ടെന്ന് കരുതേണ്ടിവരും. അത് വൻ തിരിച്ചടിയാകുമെന്ന് അറിയാവുന്ന മോദിയുടെ ടീം അരയും തലയും മുറുക്കി രംഗത്തിറങ്ങി.വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഷെർപ്പ അമിതാഭ് കാന്ത് എന്നിവരുടെ മാരത്തോൺ ചർച്ചകളാണ് യു.എസ് നേതൃത്വം നൽകുന്ന വികസിത രാജ്യങ്ങളെ വിശ്വാസത്തിലെടുത്തത്. റഷ്യയെ എതിർക്കുന്ന യു.എസ്,​ ഉറ്റ പങ്കാളിയായ ഇന്ത്യയുടെ നിലപാടിനെ പിന്തുണയ്‌ക്കാൻ നിർബന്ധിതമായി. പാശ്ചാത്യ ലോബിക്ക് സാമ്പത്തിക താത്പര്യങ്ങളുള്ള വികസ്വര രാഷ്ട്രങ്ങളെ ചേർത്തുപിടിച്ചുള്ള ഇന്ത്യയുടെ നയതന്ത്രജ്ഞതയും റഷ്യയെ കുറ്റപ്പെടുത്താത്ത സമവായത്തിലേക്ക് നയിച്ചു. അതേസമയം, ഇത് യുദ്ധത്തിന്റെ യുഗമല്ല എന്ന് മുൻപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് മോദി പറഞ്ഞത് അതേപടി സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുകയും ചെയ്‌തു.

വികസ്വരരാജ്യങ്ങളായ ഗ്ളോബൽ സൗത്തിന്റെ പ്രതിനിധിയായി ആഫ്രിക്കൻ യൂണിയനെ ജി 20യിലെ സ്ഥിരാംഗമാക്കിയതിലും ഇന്ത്യയുടെ നയതന്ത്ര മികവുണ്ട്.

Advertisement
Advertisement