വിജയിച്ച് കഴിഞ്ഞ് അപ്പയ‌്ക്ക് ഏറ്റവും അടുപ്പമുള്ള തിരുവനന്തപുരത്തെ ക്ഷേത്രത്തിൽ ചാണ്ടി എത്തി, തുലാഭാരവും നടത്തി

Monday 11 September 2023 11:32 AM IST

തിരുവനന്തപുരം: എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ പഞ്ചസാരകൊണ്ട് തുലാഭാരം നടത്തി ചാണ്ടി ഉമ്മൻ.


ഇന്നലെ രാവിലെ 10ന് ദീപാരാധന തൊഴുത് മകയിരം നക്ഷത്രത്തിൽ വിശേഷാൽ പുഷ്പാഞ്ജലിയും നടത്തിയശേഷമാണ് ചാണ്ടി ഉമ്മൻ 90 കിലോ പഞ്ചസാരയിൽ തുലാഭാര വഴിപാട് നടത്തിയത്. ഇവിടെ നടന്ന സമ്മേളനത്തിലും പങ്കെടുത്ത് മഠാധിപതിയുടെ അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത്.


പുതുപ്പള്ളി ഇലക്ഷനുമായി ബന്ധപ്പെട്ട് നോമിനേഷൻ നൽകുന്നതിനു മുൻപ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ അനുഗ്രഹം ഫോണിലൂടെ ബന്ധപ്പെട്ട് തേടിയിരുന്നു. ഇലക്ഷൻ വിജയിച്ചതിന്റെ ഭാഗമായാണ് ഇന്നലത്തെ ക്ഷേത്ര ദർശനവും തുലാഭാരവും. 'എന്റെ അപ്പ ഈ ക്ഷേത്രവുമായും മഠാധിപതിയുമായും ദീർഘ കലമായി അടുത്തബന്ധം പുലർത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്കു മുൻപ് ക്ഷേത്രത്തിൽ വന്നു ദർശനം നടത്തണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്ന'തായും ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.