മാട്രിമോണിയൽ സൈറ്റിലൂടെ യുവതിയുമായി സൗഹൃദം, യുവാവിന് നഷ്‌ടമായത് ഒരു കോടി രൂപ
ഗാന്ധിനഗർ: മാട്രിമോണിയൽ സൈറ്റിലൂടെ യുവതിയുമായി സൗഹൃദത്തിലായ യുവാവിന് ഒരു കോടിയുടെ നഷ്ടം. ഗാന്ധിനഗറിലെ ഒരു സ്വകാര്യകമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന കുൽദീപ് പട്ടേലാണ് തട്ടിപ്പിന് ഇരയായത്.കഴിഞ്ഞ ദിവസമാണ് കുൽദീപ് സൈബർ പൊലീസിന് പരാതി നൽകിയത്.
ജൂൺ മാസത്തിൽ ഇയാൾ മാട്രിമോണിയൽ സൈറ്റിലെ അദിതി എന്ന പേരുളള യുവതിയുമായി സൗഹൃദത്തിലായി. യുവതി കുൽദീപിനോട് തനിക്ക് അമേരിക്കയിൽ ബിസിനസ് ഉണ്ടെന്നും സമ്പാദിക്കാൻ ബാനോകോയിനിൽ പണം നിക്ഷേപിക്കാനും ആവശ്യപ്പെട്ടിരുന്നു. അദിതിയുടുളള വിശ്വാസത്തിൽ കുൽദീപ് ബാനോകോയിനിൽ രജിസ്റ്റർ ചെയ്യുകയും പണം നിക്ഷേപിക്കുകയും ചെയ്തു.
ആദ്യം ഒരു ലക്ഷം രൂപയാണ് കുൽദീപ് നിക്ഷേപിച്ചത്. തുടർന്ന് തന്റെ ക്രിപ്റ്റോ അക്കൗണ്ടിൽ 78 ക്രിപ്റ്റോ കറൻസി ലാഭം നേടിയിരുന്നു. ഇതിനെ തുടർന്ന് കൂടുതൽ നിക്ഷേപങ്ങൾ നടത്തിയത്. 18 ഇടപാടുകളിലായി ഏകദേശം ഒരു കോടിയോളം രൂപയുടെ നിക്ഷേപം ജൂലായ് 20 നും ആഗസ്റ്റ് 31നും ഇടിയിലാണ് കുൽദീപ് നടത്തിവന്നത്.
ഈ മാസം മൂന്നിന് അക്കൗണ്ടിൽ നിന്നും കുൽദീപ് മൂന്ന് ലക്ഷം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ട് ബ്ലോക്കായി എന്ന് മനസിലാക്കുന്നത്. മുൻപ് സംസാരിച്ച കസ്റ്റമർകെയർ പ്രതിനിധി കുൽദീപിനോട് അക്കൗണ്ട് പ്രവർത്തനക്ഷമമാക്കാൻ 35 ലക്ഷം കൂടി നിക്ഷേപിക്കാൻ പറഞ്ഞു. അദിതിയുടെ ഭാഗത്ത് നിന്നും പ്രതികരണങ്ങൾ ലഭിക്കാതെ വന്നപ്പോഴാണ് താൻ തട്ടിപ്പിനിരയായി എന്ന് കുൽദീപ് മനസിലാക്കിയത്.
അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.