ഏത് വെല്ലുവിളിയും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാർ; കിഴക്കൻ ലഡാക്ക് ശാന്തമെന്ന് ലഫ്​റ്റനന്റ് ജനറൽ ഉപേന്ദ്ര  ദ്വിവേദി

Monday 11 September 2023 4:27 PM IST

ശ്രീനഗർ: ഏത് വെല്ലുവിളിയെയും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന് നോർത്തേൺ കമാൻഡ് മേധാവി ലഫ്​റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. പാകിസ്ഥാൻ,ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ അതിർത്തികളിൽ സൈന്യത്തിന്റെ കാവൽ സുസജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഇൻസ്​റ്റി​റ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജമ്മുവിൽ വച്ച് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ നോർത്ത് ടെക്ക് സിമ്പോസിയത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ദ്വിവേദി.

ലഡാക്കിലെ സാഹചര്യം ശാന്തമാണെന്നും നോർത്തേൺ കമാൻഡിന്റെ സൈനിക തലവൻ എന്ന നിലയിൽ രാജ്യത്തിന്റെ അതിർത്തികളിലേക്ക് വരാൻ അന്യശക്തികളെ അനുവദിക്കില്ലെന്നും ദ്വിവേദി പറഞ്ഞു. കഴിഞ്ഞ ഒൻപത് മാസത്തിനിടെ 46 ഭീകരർ കൊല്ലപ്പെട്ടന്നും അതിൽ 37 പേർ വിദേശ തീവ്രവാദികളുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിമ്പോസിയത്തിൽ പങ്കെടുത്തവർ നിരവധി സൈനിക സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അതോടെ സൈന്യത്തിന്റെ ഡ്രോൺ സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കൈവരിച്ചതിനെത്തുടർന്ന് എന്ന് വേദിയിലുണ്ടായിരുന്ന റിട്ടയർഡ് ബ്രിഗേഡിയർ ബി ഡി മിശ്ര പറഞ്ഞു.

ചൈനയും ഇന്ത്യയും കഴിഞ്ഞ മൂന്ന് വർഷമായി കിഴക്കൻ ലഡാക്കിലെ അതിർത്തിയെ ചൊല്ലി തർക്കത്തിലാണ്. ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായുളള ഏ​റ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്നുളള സംഘർഷത്തിൽ രണ്ട് രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളായിരുന്നു. ഓഗസ്​റ്റ് 13,14 തീയതികളിൽ ചുഷുൽ - മോൾഡോ അതിർത്തിയിൽ ഇരു രാജ്യങ്ങളും 19 -ാം റൗണ്ട് കോർപ്സ് കമാൻഡ് ലെവൽ മീ​റ്റിംഗ് നടത്തിയിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി കിഴക്കൻ ലഡാക്കിലെ ചൈനീസ് നുഴഞ്ഞുക്കയ​റ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തോട് കളളം പറയുകയാണെന്ന് ഒൻപത് ദിവസത്തെ കിഴക്കൻ ലഡാക്ക് സന്ദർശനം നടത്തിയ രാഹുൽഗാന്ധി വിമർശിച്ചു.