നയതന്ത്രത്തിന്റെ ജനകീയ മുന്നേറ്റം

Tuesday 12 September 2023 12:00 AM IST

ഇന്ത്യ ആതിഥേയത്വം വഹിച്ച ജി-20 ഉച്ചകോടിയുടെ ഏറ്റവും വലിയ വിജയം ഇന്ത്യ-മദ്ധ്യപൂർവദേശ-യൂറോപ്പ് ഇടനാഴി യാഥാർത്ഥ്യമാക്കാനുള്ള പ്രഖ്യാപനമാണ്. ഒരുപക്ഷേ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് പങ്കെടുത്തിരുന്നെങ്കിൽ ഇൗ പ്രഖ്യാപനം സാദ്ധ്യമാകുമോ എന്ന് സംശയിക്കാവുന്നതാണ്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ശൃംഖലയ്ക്കുള്ള ഒരു വെല്ലുവിളിയാണ് ഇന്ത്യയെ ഗൾഫ് വഴി യൂറോപ്പുമായി ബന്ധപ്പെടുത്തുന്ന ഇൗ പുതുവഴി. ചൈനീസ് പ്രസിഡന്റ് പങ്കെടുത്തിരുന്നെങ്കിൽ അദ്ദേഹം എതിർപ്പ് ഉന്നയിക്കാതിരിക്കില്ല. അതിനൊന്നും ഇടയാകാതെ ഇത് സാദ്ധ്യമാക്കിയത് ഇന്ത്യൻ നയതന്ത്രത്തിന്റെ ശ്രദ്ധേയമായ വിജയമായി കണക്കാക്കാം. ഇന്ത്യയിൽനിന്നും കപ്പലിൽ ഗൾഫ് ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്ന് യൂറോപ്പിലേക്കും ചരക്ക് ഗതാഗതം സാദ്ധ്യമാക്കുന്നതാണ് പദ്ധതി. ഇതിന്റെ ഏറ്റവും വലിയ നേട്ടം ലഭിക്കുന്നത് ഇന്ത്യയ്ക്ക് തന്നെ. പുതിയ ഇടനാഴി ഇന്ത്യ -യൂറോപ്പ് വ്യാപാരത്തിൽ വലിയ കുതിച്ചുചാട്ടത്തിനാവും ഇടയാക്കുക. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വിജയവും ഇതിലൂടെ ഉറപ്പാകും.

ഇന്ത്യൻ ഉത്‌പന്നങ്ങളുടെ കയറ്റുമതി വർദ്ധിക്കും.ഇതിന് പുറമെ ലോകരാജ്യങ്ങൾക്കിടയിൽ വൻതോതിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു വിപണികൂടിയാണ് ഇന്ത്യ. വിദേശ മൾട്ടിനാഷണൽ കമ്പനികൾ നിർമ്മിക്കുന്ന മൊബൈലുകളും കമ്പ്യൂട്ടറുകളും മറ്റും ഏറ്റവുമധികം വിറ്റഴിയുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. ലോകരാജ്യങ്ങൾ ഇന്ത്യയോട് കാണിക്കുന്ന താത്‌പര്യത്തിന്റെ അടിസ്ഥാനവും മറ്റൊന്നല്ല. ഇൗ സാഹചര്യത്തിൽ ഇന്ത്യയുടെ മികവും നേതൃപാടവവും ലോകനേതാക്കൾക്ക് നേരിട്ട് ബോദ്ധ്യപ്പെടാനുള്ള വേദികൂടിയായി ജി-20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പ്. അതിനാൽ ഇന്ത്യയ്ക്ക് രാഷ്ട്രീയമായ ഒരു വിജയം കൂടിയായി ഇൗ ഉച്ചകോടി മാറുകയും ചെയ്തു. ആഫ്രിക്കൻ യൂണിയനെ കൂടി ഉൾപ്പെടുത്താൻ കഴിഞ്ഞതാണ് മറ്റൊരു വലിയ നേട്ടം. ഇത് സാമ്പത്തികമായും മറ്റും പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. വിഭവങ്ങളാൽ സമൃദ്ധമായ ആഫ്രിക്കൻ രാജ്യങ്ങളെ സമ്പന്നരാജ്യങ്ങൾ പല രീതിയിലും ചൂഷണം ചെയ്യുന്ന ഒരു രീതിയാണ് നിലവിലുള്ളത്. ഇതിൽ ഒരു മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിന് തുടക്കമിടാൻ ഇന്ത്യ ആതിഥേയത്വം വഹിച്ച ജി-20 ഉച്ചകോടിക്ക് കഴിഞ്ഞു എന്നത് ലോകം ഒരു കുടുംബമാണെന്ന തത്വത്തിൽ വിശ്വസിക്കുക മാത്രമല്ല പ്രവർത്തിക്കുകകൂടി ചെയ്യുന്ന രാജ്യമാണ് നമ്മുടേതെന്ന് സംശയരഹിതമായി തെളിയിച്ചിരിക്കുകയാണ്.

അഞ്ചുകൊല്ലമായി ആഫ്രിക്കൻ യൂണിയൻ ജി-20യിൽ സ്ഥിരാംഗത്വം ആവശ്യപ്പടുകയായിരുന്നെങ്കിലും ഇപ്പോഴാണത് സാദ്ധ്യമായത്. ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യയിലെ അൻപതിലേറെ നഗരങ്ങളിൽ ഇതുമായി ബന്ധപ്പെട്ട സമ്മേളനങ്ങൾ നടത്താനായത് നയതന്ത്രം ദന്തഗോപുരങ്ങളിൽ മാത്രം നടക്കേണ്ട ഒന്നല്ല എന്ന് സാധാരണക്കാരെ ബോദ്ധ്യപ്പെടുത്താൻ ഉതകുന്നതായി. ക്രിപ്റ്റോ കറൻസികൾ നിയന്ത്രിക്കാൻ രാജ്യാന്തര സഹകരണത്തിനും ഉച്ചകോടിയിൽ ധാരണയായി. സാധാരണഗതിയിൽ ഡൽഹിയിലെ ഏതെങ്കിലും ഓഡിറ്റോറിയത്തിൽ ഒതുങ്ങേണ്ടിയിരുന്ന ജി-20യെ ഇന്ത്യയുടെ വികസന മികവിന്റെ പ്രചാരണമാക്കി മാറ്റാൻ കഴിഞ്ഞത് പ്രധാനമന്ത്രി എന്ന നിലയിൽ മോദി കൈവരിച്ച വിജയം കൂടിയാണ്.