നടി മീരാ നന്ദന് തുണയായി ഇനി ശ്രീജു; വിവാഹനിശ്ചയ ചിത്രങ്ങൾ
നടി മീരാ നന്ദൻ വിവാഹിതയാകുന്നു. ലണ്ടനിൽ ജോലി നോക്കുന്ന ശ്രീജുവാണ് വരൻ. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ നടി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. മാട്രിമോണിയൽ സൈറ്റിലൂടെയുള്ള പരിചയമാണ് വിവാഹനിശ്ചയത്തിലെത്തിയത്.
'മാതാപിതാക്കൾ തമ്മിൽ സംസാരിച്ചശേഷം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരെന്ന്‌കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കിഭാഗം ഏതൊരു കഥയിലെയും പോലെതന്നെ. എന്നാൽ അതിന് അതിന്റേതായ പ്രത്യേകതയുണ്ട്. അവർ കണ്ടുമുട്ടി പ്രണയത്തിലായി. അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ചിലവഴിക്കാൻ തീരുമാനിക്കുന്നു.' വിവാഹനിശ്ചയ ചടങ്ങിന്റെ ഫോട്ടോഗ്രാഫി നിർവഹിച്ച ലൈറ്ര്‌സ് ഓൺ ക്രിയേഷൻസിന്റെ ഇൻസ്‌റ്റ പേജിൽ കുറിച്ചത് ഇങ്ങനെ.
കൊച്ചി എളമക്കര സ്വദേശിയായ മീരാ നന്ദൻ 2008ൽ ദിലീപ് നായകനായ 'മുല്ല" എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തെത്തിയത്. പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിംഗ്, അപ്പോത്തിക്കരി തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്‌തു. 'എന്നാലും ന്റളിയാ" എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ദുബായിൽ റേഡിയോ ജോക്കിയായി ജോലിചെയ്യുകയാണ് ഇപ്പോൾ മീര.