വയോധികൻ പെട്രോളൊഴിച്ച് തീകൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു; മരുമകൾ അതീവ ഗുരുതരാവസ്ഥയിൽ
തൃശൂർ: ചിറക്കേക്കോട് വയോധികൻ പെട്രോളൊഴിച്ച് തീകൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), പന്ത്രണ്ടുകാരനായ മകൻ ടെണ്ടുൽക്കർ എന്നിവരാണ് മരിച്ചത്. ഇരുവർക്കും തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
ജോജിയുടെ ഭാര്യ ലിജി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കേസിലെ പ്രതിയായ പിതാവ് ജോൺസൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കുടുംബവഴക്കിനെത്തുടർന്നാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഇയാളും ചികിത്സയിലാണ്
ജോൺസണും, ഭാര്യയും, മകനും, കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ അർദ്ധരാത്രി ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷം പ്രതി ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ശേഷം ഇയാൾ പുറത്തേക്ക് പോയി.
വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ അയൽക്കാരാണ് മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ജോൺസണെ അന്വേഷിച്ച് ചെന്നപ്പോഴാണ് വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. ജോൺസൺ സെക്യൂരിറ്റി ജീവനക്കാരനാണ്. ജോജി ലോറി ഡ്രൈവറാണ്.