മോതിരം പണയം വയ്ക്കാൻ ചെന്നപ്പോൾ അവിടെയുള്ള പരസ്യത്തിൽ എന്റെ ഫോട്ടോ; അനുഭവം വെളിപ്പെടുത്തി ആസിഫലി

Thursday 14 September 2023 1:57 PM IST

ആസിഫലിയുടെ 'കാസർഗോൾഡ്' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ആദ്യമായി സ്വർണം പണയംവയ്ക്കാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടനിപ്പോൾ.

ആസിഫലിക്ക് ഇരുപത്തിയൊന്ന് - ഇരുപത്തിരണ്ട് വയസ് പ്രായമുള്ളപ്പോഴാണ് സംഭവം. സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി നടക്കുന്ന സമയമായിരുന്നു അത്. സിനിമയിലേക്ക് കാലെടുത്തുവയ്ക്കാനുള്ള ആദ്യപടിയായി ഫോട്ടോഷൂട്ടും മോഡലിംഗുമെല്ലാം നടക്കുന്നുണ്ടായിരുന്നു.

നിലനിൽപിന് വേണ്ടി കൈയിലെ മോതിരം പണയം വയ്ക്കാൻ പോയെന്ന് ആസിഫലി പറയുന്നു. അപ്പോഴാണ് മുമ്പ് ഫോട്ടോഷൂട്ടിന്റെ ഭാഗമായെടുത്ത തന്റെ ഫോട്ടോ അവിടെ കാണുന്നത്. സ്വർണം പണയം വയ്ക്കാൻ ചെല്ലുന്ന കൗണ്ടറിന്റെ പിറകിലായിരുന്നു തന്റെ ഫോട്ടോയോടുകൂടിയ പരസ്യം ഉള്ളത്. മോതിരം വാങ്ങിയ ശേഷം തിരിച്ചറിയൽ കാർഡുണ്ടോയെന്ന് കൗണ്ടറിലെ ചേച്ചി ചോദിച്ചു. എന്തിനാ ഫോട്ടോ പിറകിലെ പരസ്യം നോക്കിയാൽ പോരേയെന്ന് കൂടെയുള്ളയാൾ അവരോട് ചോദിച്ചു. - എന്നാണ് ആസിഫലി അഭിമുഖത്തിൽ പറഞ്ഞത്.