ഗൃഹനാഥൻ ചുട്ടുകൊന്ന മകന്റെയും പേരക്കുട്ടിയുടെയും സംസ്‌കാരം ഇന്ന്; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ
തൃശൂർ: ഗൃഹനാഥൻ ചുട്ടുകൊന്ന മകന്റെയും പേരക്കുട്ടിയുടെയും സംസ്‌കാരം ഇന്ന്. തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസൺ ആണ് മകൻ ജോജി (38), ജോജിയുടെ മകൻ ടെൻഡുൽക്കർ (12) എന്നിവരെ പെട്രോളൊഴിച്ച് കത്തിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോജിയും മകനും ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്.
ആക്രമണത്തിൽ ജോജിയുടെ ഭാര്യയും കാർഷിക സർവകലാശാലയിലെ താത്ക്കാലിക ജീവനക്കാരിയുമായ ലിജി(32) ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവർ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ സാറയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് മകനും കുടുംബവും ഉറങ്ങിക്കിടക്കുന്ന മുറിയിലേക്ക് ജനൽ വഴി ജോൺസൺ പെട്രോളൊഴിച്ചതെന്ന് മണ്ണുത്തി പൊലീസ് പറഞ്ഞു. സ്ഥലത്തു നിന്ന് രണ്ട് കാനുകൾ കണ്ടെടുത്തു. തീകൊളുത്തുന്നതിനിടെ ഇയാൾക്ക് പൊള്ളലേറ്റിരുന്നു. തുടർന്ന് വിഷം കഴിക്കുകയും ചെയ്തു. നിലവിൽ ഗുരുതരാവസ്ഥയിലാണ്. ജോൺസണും മകനും തമ്മിൽ സ്ഥിരമായി വഴക്കായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്.