ഗതികെട്ട് സഹതടവുകാർ; ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി

Friday 15 September 2023 3:41 PM IST

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്പെഷ്യൽ ജയിലിലേയ്‌ക്കാണ് മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മ ഉൾപ്പെടെയുള്ള രണ്ട് തടവുകാരെ മാറ്റിയത്. കേസിൽ അറസ്റ്റിലായത് മുതൽ അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്മ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കാമുകനായ ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ വിഷം കലക്കി നൽകിയത്. ശാരീരികാസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവിൽ ഒക്‌ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കാമുകിയായ ഗ്രീഷ്മയെ മരണമൊഴിയിൽ പോലും ഷാരോൺ സംശയിച്ചിരുന്നില്ല. പാറശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമൊടുവിൽ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.

മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.