ചന്ദ്രയാൻ 3ന്റെ ഭാവി നിർണയിക്കുന്ന ദിനം; ഇങ്ങനെ സംഭവിച്ചാൽ ഐഎസ്ആർഒയ്ക്ക് ഇരട്ടിനേട്ടം, അല്ലെങ്കിൽ

Friday 15 September 2023 7:47 PM IST

ബംഗളൂരു: ചന്ദ്രനിൽ വീണ്ടും പകലുദിക്കുന്നതോടെ ശുഭപ്രതീക്ഷയുമായി ഐഎസ്ആർഒ. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ പ്രഗ്യാൻ റോവറും ലാൻഡറും നിലവിൽ സ്ലീപ്പ് മോഡിലാണ്. 14 ദിവസത്തെ ദൗർഘ്യമുള്ള ചന്ദ്രനിലെ പകൽ അവസാനിച്ചതോടെ സെപ്റ്റംബർ മൂന്നിനാണ് ചന്ദ്രയാൻ 3 പ്രവർത്തനം അവസാനിപ്പിച്ചത്. സൂര്യോദയം അടുത്തതോടെ ലാൻഡറും റോവറും സ്ലീപ്പ് മോഡിൽ നിന്ന് ഉണരുമോ എന്ന കാത്തിരിപ്പിലാണ് ഐഎസ്ആർഒ.

രണ്ടാഴ്ച്ചത്തെ രാത്രി കഴിഞ്ഞ് സെപ്റ്റംബർ 16 അല്ലെങ്കിൽ 17ന് വീണ്ടും ചന്ദ്രനിൽ സൂര്യോദയമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സൂര്യപ്രകാശം സ്വീകരിച്ച് ലാൻഡറും റോവറും വീണ്ടും പ്രവർത്തസജ്ജമായാൽ ഐഎഎസ്ആർഒയ്ക്ക് അത് മുതൽക്കൂട്ടായി മാറും. അങ്ങനയല്ലെങ്കിൽ പോലും മുൻകൂട്ടി നിശ്ചയിച്ച പ്രവർത്തന കാലയളവിൽ സൂക്ഷ്മതയോടെ പ്രവൃത്തിച്ച ചന്ദ്രയാൻ 3, നിരവധി വിലപ്പെട്ട വിവരങ്ങൾ ഇതിനോടകം തന്നെ ഐഎസ്ആർഒയ്ക്ക് കൈമാറിക്കഴിഞ്ഞു.

ഐഎസ്ആർഒ മൂൻകൂട്ടി നിശ്ചയിച്ച അത്രയും ദിവസം പ്രഗ്യാൻ റോവർ ചാന്ദ്രോപരിതലത്തിൽ ചെലവിട്ട് കഴിഞ്ഞു. ഇതിനോടകം തന്നെ 100 മീറ്ററാണ് റോവർ സഞ്ചരിച്ചത്. അടുത്ത സൂര്യോദയത്തിൽ ഉണരാൻ തക്കവണ്ണമാണ് റോവറിന്റെ സോളാർ പാനൽ ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ നേരത്തെ നിശ്ചയിച്ചിരുന്ന 14 ദിവസത്തെ പ്രവർത്തന ചക്രത്തിന് ഉപരിയായി അധികവിവരങ്ങൾ റോവർ ഐ എസ് ആർ ഒയ്ക്ക് കൈമാറും. എന്നാൽ രണ്ടാഴ്ച്ച നീണ്ട അതിശൈത്യത്തെ അതിജീവിക്കുക എന്നതാണ് ചന്ദ്രയാൻ 3 നേരിടുന്ന പ്രധാന വെല്ലുവിളി. രാത്രിയിൽ ചന്ദ്രനിലെ താപനില -130 ഡിഗ്രി വരെ താഴാറുണ്ട്.