കേൾക്കുന്നതെല്ലാം തെറ്റ്, ജയിലറിൽ അഭിനയിച്ചതിന് കിട്ടിയത് മുപ്പത്തിയഞ്ച് ലക്ഷം രൂപയല്ല; വെളിപ്പെടുത്തലുമായി വിനായകൻ

Saturday 16 September 2023 9:49 AM IST

രജനികാന്ത് ചിത്രം ജയിലറിലെ വില്ലൻ വേഷത്തിന് കിട്ടിയ പ്രതിഫലം മുപ്പത്തിയഞ്ച് ലക്ഷമാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് നടൻ വിനായകൻ. 35 ലക്ഷമാണ് തനിക്ക് കിട്ടിയതെന്ന പ്രചാരണം തെറ്റാണെന്നും അതിന്റെ ഇരട്ടിയുടെ ഇരട്ടി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

മുപ്പത്തിയഞ്ച് ലക്ഷമാണ് തനിക്ക് തന്നതെന്ന് നിർമാതാവ് കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടി പ്രതിഫലം തന്നിട്ടുണ്ട്. ചോദിച്ച പ്രതിഫലം തന്നെ അവർ തന്നു. ചെയ്ത ജോലിക്ക് കൃത്യമായ പ്രതിഫലത്തിനൊപ്പം സെറ്റിൽ പൊന്നുപോലെ നോക്കുകയും ചെയ്‌തെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഒരു വർഷത്തോളമാണ് വർമൻ എന്ന കഥാപാത്രത്തിന് വേണ്ടി മാറ്റിവച്ചത്. ഇപ്പോൾ താൻ സെലക്ടീവാണ്. ജയിലർ പോലൊരു സിനിമ ചെയ്തുനിൽക്കുകയാണെന്നും അതിനാൽ അടുത്ത സിനിമ തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.