ഇതാണ് ബേബി സൂര്യൻ; നക്ഷത്രത്തിന്റെ ജനനം എങ്ങനെയെന്ന് അറിയുമോ; കൗതുകം ഉണർത്തുന്ന ചിത്രം പങ്കുവച്ച് നാസ
സൂര്യന് ചുറ്റും ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നത് നാം പഠിച്ചിട്ടുണ്ട്. എന്നാൽ എങ്ങനെയാണ് സൂര്യൻ ഉണ്ടായതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിൽ ഒരു നക്ഷത്രത്തിന്റെ ജനന ചിത്രം പങ്കുവച്ചിരിക്കുകയാണ് നാസ. കോടനുകോടി വർഷങ്ങളാണ് പല നക്ഷത്രത്തിന്റെയും പ്രായം. എന്നാൽ ഇപ്പോൾ പതിനായിരക്കണക്കിന് വർഷങ്ങൾ മാത്രം പഴക്കമുള്ള ഒരു നക്ഷത്രത്തിന്റെ ചിത്രം നാസ പങ്കുവച്ചിരിക്കുകയാണ്. ജെയിംസ് വെബ് ബഹിരാകാശ ദുരദർശിനിയാണ് ചിത്രം പകർത്തിയത്. ഈ നക്ഷത്രം പ്രായം കൂടുമ്പോൾ സൂര്യനെപ്പോലെയായിരിക്കുമെന്നാണ് റിപ്പോർട്ട്. അതായത് തുടക്കത്തിൽ സൂര്യനെ കാണാൻ ഇങ്ങനെയായിരുന്നുവെന്ന് അർത്ഥം.
ചിത്രത്തിൽ നവജാത നക്ഷത്രത്തിന് ചുറ്റും കാണപ്പെടുന്ന തിളക്കമുള്ള വസ്തുക്കളെ ഹെർബിഗ്-ഹാരോ എന്ന് വിളിക്കുന്നു. ഭൂമിയിൽ നിന്ന് 1,000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇത് ഇത്തരത്തിലുള്ള ഏറ്റവും പ്രായം കുറഞ്ഞതും ഏറ്റവും അടുത്തുള്ളതുമാണ്. നവജാത നക്ഷത്രങ്ങളിൽ നിന്നുള്ള വാതക ജെറ്റുകൾ ചുറ്റുമുള്ള വാതകവും പൊടിയുമായി കൂട്ടിയിടിക്കുമ്പോഴാണ് ഹെർബിഗ്-ഹാരോ സൃഷ്ടിക്കപ്പെടുന്നത്.