കെമിക്കൽ ഷാംപൂ കാശ് മുടക്കി വാങ്ങി പണി കിട്ടേണ്ട; മുടി പനങ്കുല പോലെ വളരാൻ സഹായിക്കുന്ന അത്ഭുതക്കൂട്ട് വീട്ടിലുണ്ടാക്കാം

Sunday 17 September 2023 1:24 PM IST

ഇന്നത്തെക്കാലത്ത് തലയിൽ ഷാംപൂ ഉപയോഗിക്കാത്തവരായി വളരെ ചുരുക്കം ആളുകൾ മാത്രമായിരിക്കും ഉണ്ടാവുക. തലയിലെ അഴുക്ക് പോകാനും താരനകറ്റാനുമെല്ലാം ഷാംപൂ സഹായിക്കും. എന്നാൽ ചർമം അനുസരിച്ച് ഷാംപൂ തിരഞ്ഞെടുത്തില്ലെങ്കിൽ പണി കിട്ടും. അലർജിക്കും മുടി കൊഴിച്ചിലിനും മുടി പൊട്ടിപോകുന്നതിനും മറ്റും കാരണമാകാൻ ഇതുമതി. എന്നാൽ ഏത് തരം ചർമ്മമുള്ളവർക്കും ഉപയോഗിക്കാവുന്ന ഷാംപൂ വീട്ടിൽതന്നെയുണ്ടാക്കിയാലോ? കാശും ലാഭം ഗുണവും മെച്ചം.

ആദ്യം ആവശ്യത്തിന് വേപ്പില എടുത്ത് നന്നായി കഴുകിയെടുക്കണം. ഇനി ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിൽ വേപ്പില എടുത്ത് നന്നായി തിളപ്പിച്ച് വെള്ളം പകുതിയാകുന്നതുവരെ തിളപ്പിക്കണം. ചെറുതീയിൽ ആണ് ഇല വേവിച്ചെടുക്കേണ്ടത്. (ഒരുദിവസം മുഴുവൻ വെള്ളത്തിൽ കിടക്കുകയാണെങ്കിൽ കൂടുതൽ സത്ത് ലഭിക്കും).

വെള്ളം പകുതിയാകുമ്പോൾ തീ അണച്ച് ഇല മാറ്റിയെടുക്കാം. ഇത് തണുത്തതിനുശേഷം വെള്ളം അരിച്ചെടുക്കാം. ഇതിലേയ്ക്ക് ചെറുചണവിത്ത് വേവിച്ചതിന്റെ വെള്ളം കൂടി ചേർക്കാം. അടുത്തതായി ഷാംപൂ ബേസ് ചേർ‌ത്തുകൊടുക്കാം (മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങാം). വെള്ളത്തിന്റെ ഇരട്ടി സോപ്പ് ബേസ്/ ഷാംപൂ ബേസ് ആണ് ചേർക്കേണ്ടത്. ബേസ് ചേർത്തതിനുശേഷം അധികമായി ഇളക്കാൻ പാടില്ല. ഇതിലേയ്ക്ക് വൈറ്റമിൻ ഇ ക്യാപ്‌സൂളിന്റെ ജെൽ കൂടി ചേർക്കാം. ഹോംമേഡ് ഷാംപൂ റെഡി. വേപ്പിലയ്ക്ക് പകരം കറിവേപ്പില വേവിച്ചതും ഉപയോഗിക്കാം. ഈ കൂട്ടിനൊപ്പം കറ്റാർവാഴ ജെൽ ഉപയോഗിക്കുന്നതും നല്ലതാണ്.