മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ കൊടുത്തു; മാസങ്ങൾക്ക് ശേഷം അതേ സംഘം മാരകായുധങ്ങളുമായെത്തി മാതാവിനെ ആക്രമിച്ചു, സംഭവം മലപ്പുറത്ത്

Monday 18 September 2023 10:27 AM IST

മലപ്പുറം: മകന്റെ ബൈക്ക് കത്തിക്കാൻ മാസങ്ങൾക്ക് മുമ്പ് ക്വട്ടേഷൻ നൽകിയ അമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

മുള്ള്യാകുർശി തച്ചാംകുന്നേൽ നഫീസയ്‌ക്ക് നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. തമിഴ്‌നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), പന്തളം ചേരി നാസർ (32), മുള്ള്യാർകുർശി കീഴുവീട്ടിൽ മെഹബൂബ് (58) എന്നിവരാണ് അറസ്റ്റിലായത്. മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ആർ രഞ്ജിത്തും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നേരത്തേ നഫീസ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് ബൈക്ക് കത്തിച്ച കേസിൽ പിടിയിലായ പ്രതികളാണ് ഇവർ. ഈ കേസിൽ റിമാൻഡിലായിരുന്ന പ്രതികൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

മകനുമായുള്ള പ്രശ്നത്തിന്റെ പേരിലാണ് ബൈക്ക് കത്തിക്കാൻ മാസങ്ങൾക്ക് മുമ്പ് നഫീസ ക്വട്ടേഷൻ നൽകിയത്. പറഞ്ഞുറപ്പിച്ച ക്വട്ടേഷൻ തുകയെച്ചൊല്ലി നഫീസയും പ്രതികളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന് പിന്നാലെ വെള്ളിയാഴ്ച മാരകായുധങ്ങളുമായി മുള്ള്യാർകുർശിയിലുള്ള വീട്ടിലെത്തിയ സംഘം നഫീസയെ ആക്രമിച്ചു. ഇവർ വീട് അടിച്ച് പൊളിക്കുകയും ചെയ്തു.