ഒരുപാട് ആഗ്രഹമുള്ള ആ വകുപ്പ് കിട്ടില്ല, ആശ്വസിക്കാൻ ഗണേശിന് നൽകുക വനം

Monday 18 September 2023 10:49 AM IST

തിരുവനന്തപുരം: നവംബറിൽ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ഗണേശ്‌കുമാറിന് വനം വകുപ്പ് നൽകുമെന്ന് സൂചന. ഗതാഗതം വേണ്ടെന്ന് നേരത്തെ തന്നെ ഗണേശ്‌കുമാർ ഇടതു മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു. ഗതാഗത വകുപ്പിനെതിരെ ഗണേശ് നേരത്തേ പരസ്യവിമർശനം നടത്തുകയും ചെയ്തിരുന്നു.

വനം മന്ത്രി എ.കെ. ശശീന്ദ്രന് ഗതാഗതവകുപ്പ് നൽകാനാണ് ആലോചന. സിനിമ ഉൾപ്പെടുന്ന സാംസ്കാരിക വകുപ്പ് വേണമെന്ന് ഗണേശ്‌കുമാറിന് ആഗ്രഹമുണ്ടെങ്കിലും സി.പി.എമ്മിന്റെ കൈയിലിരിക്കുന്നത് കിട്ടില്ലെന്ന് ബോധ്യമുണ്ട്.

എൻ.സി.പിയിലെ എ.കെ.ശശീന്ദ്രനു പകരം തന്നെ മന്ത്രിയാക്കണമെന്നു തോമസ് കെ.തോമസ് ആവശ്യപ്പെടുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എ.കെ.ശശീന്ദ്രനായിരുന്നു ഗതാഗതവകുപ്പ് മന്ത്രി. പ്രൊഫ. സുശീൽഖന്ന റിപ്പോർട്ട് നടപ്പിലാക്കുന്നതുൾപ്പെടെയുള്ള പരിഷ്കരണ പരിപാടികൾ തുടങ്ങിവച്ചത് ശശീന്ദ്രനായിരുന്നു. തൊഴിലാളി സംഘടനകളുമായി സമരസപ്പെട്ട് പോകുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

ശശീന്ദ്രനാണ് മന്ത്രിയെങ്കിൽ, കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ ആ സ്ഥാനത്ത് തുടരും. ഇന്നു മുതൽ ഒന്നര മാസം ബിജു പ്രഭാകർ ലീവിലായിരിക്കും. സി.എം.ഡി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് നേരത്തെ ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു. പക്ഷേ, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്കാർക്കും കെ.എസ്.ആർ.ടി.സി മേധാവിയാകാൻ താത്പര്യമില്ല.