ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി; സംഭവം കൊല്ലത്ത്

Monday 18 September 2023 10:59 AM IST

കൊല്ലം: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. കർണാടക കുടക് സ്വദേശികളായ നാദിറയും ഭർത്താവ് റഹീമുമാണ് കൊല്ലപ്പെട്ടത്. നാവായിക്കുളത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ് നാദിറ. ഓട്ടോ ഡ്രൈവറായ റഹീം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മൂന്ന് ദിവസം മുമ്പാണ് ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് റഹീമിന് സംശയമുണ്ടായിരുന്നു. അക്ഷയ കേന്ദ്രത്തിൽ ജോലിക്കെത്തിയപ്പോഴാണ് അതിനുള്ളിൽ വച്ച് നാദിറയെ റഹീം തീകൊളുത്തിയത്. തുടർന്ന് സ്വയം കഴുത്തറുത്ത റഹീം അടുത്തുള്ള കിണറ്റിലേയ്‌ക്ക് ചാടി. ഫയർഫോഴ്‌സ് എത്തിയാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.