'നെഹ്‌റുജിയുടെ പ്രസംഗത്തിന്റെ പ്രതിധ്വനി പ്രചോദനമായി തുടരുന്നു'; പ്രകീർത്തിച്ച് പ്രധാനമന്ത്രി

Monday 18 September 2023 2:43 PM IST

ന്യൂഡൽഹി: പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്ന് ഗുഡ് ബൈ പറഞ്ഞ് പുതിയ പാർലമെന്റ് മന്ദിരത്തിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്നത് ഏറെ വൈകാരികതയോടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാർലമെന്റിലേയ്‌ക്ക് മാറുകയാണെങ്കിലും പഴയ കെട്ടിടം പുതിയ തലമുറയ്‌ക്ക് പ്രചോദനം നൽകും. ഒരുപാട് കയ്‌പ്പേറിയതും മധുരമുള്ളതുമായ ഓർമകൾ തങ്ങി നിൽക്കുന്ന കെട്ടിടത്തോടാണ് വിട പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

'നമ്മളെല്ലാവരും ഈ ചരിത്രപരമായ കെട്ടിടത്തോട് വിടപറയുകയാണ്. ഞാൻ ആദ്യമായി ഈ മന്ദിരത്തിൽ അംഗമായി പ്രവേശിച്ചപ്പോൾ എനിക്ക് ഇത്രയും സ്നേഹം ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ചന്ദ്രയാൻ, ജി -20 വിജയങ്ങളിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും അണിയറ പ്രവർത്തകരെയും ഒരിക്കൽ കൂടി അഭിനന്ദിക്കുകയാണ്. നേട്ടം ഒരാളുടെ മാത്രമല്ല, രാജ്യത്തെ മുഴുവൻ ജനങ്ങളുടേതുമാണ്. ലോകം മുഴുവൻ ഇപ്പോൾ ഇന്ത്യയിൽ ഒരു സുഹൃത്തിനെ ലഭിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ്. ഇന്ത്യ ലോകത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. സാങ്കേതിക വിദ്യ, ശാസ്ത്രം, സാദ്ധ്യതകൾ, 140 കോടി ജനങ്ങളുടെ ശക്തി എന്നിവയെല്ലാം രാജ്യത്തിന് ഒരു പുതിയ രൂപം നൽകിയിരിക്കുന്നു. ' -

'നെഹ്‌റുജിയുടെ സ്ട്രോക്ക് ഒഫ് മിഡ്‌നൈറ്റ് പ്രസംഗത്തിന്റെ പ്രതിധ്വനി നമ്മെ പ്രചോദിപ്പിക്കും. അടൽ ബിഹാരി വാജ്‌പേയി പറഞ്ഞത് പോലെ ഈ സഭയിൽ സർക്കാരുകൾ വരും പോകും, പക്ഷേ ഈ രാജ്യം നിലനിൽക്കും.'- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.