അമേരിക്കയുടെ കോടികൾ വിലയുള്ള യുദ്ധവിമാനം പറക്കലിനിടെ കാണാതായി; ലോകത്തിലെ ഏറ്റവും ശക്തനെ കണ്ടെത്താൻ ജനങ്ങളുടെ സഹായം തേടുന്നു

Monday 18 September 2023 4:01 PM IST

വാഷിംഗ്‌ടൺ: അമേരിക്കൻ നാവികസേനയുടെ യുദ്ധവിമാനം കാണാനില്ല. വിമാനത്തിൽ നിന്ന് പൈലറ്റ് ഇജക്‌ട് ചെയ്തതിനുപിന്നാലെ ദക്ഷിണ കരോലിനയിൽ നിന്നാണ് വിമാനത്തെ കാണാതായത്. അനേകം ദശലക്ഷം ഡോളർ വിലപ്പിടിപ്പുള്ള വിമാനം കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ് അമേരിക്കൻ സേന.

സേനയുടെ എഫ്-35 ലൈറ്റ്‌‌ണിംഗ് 2 ജെറ്റ് ഒരു അപകടത്തെത്തുടർന്ന് ഞായറാഴ്‌ച ഉച്ചയോടെ നോർത്ത് ചാൾസ്റ്റണിന് മുകളിലായി കാണാതായെന്നാണ് സേന വ്യക്തമാക്കുന്നത്. ഫെഡറൽ ഏവിയേഷൻ റെഗുലേറ്ററുകളുടെ സഹായത്തോടെ വിമാനത്തിനായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിവരം ലഭിക്കുന്നവർ അധികൃതരുമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.

ലോക്‌‌ഹീഡ് മാർട്ടിൻ എന്ന കമ്പനി നിർമിച്ച വിമാനത്തിന് 80 ദശലക്ഷം ഡോളറാണ് വില. ലോകത്തെ തന്നെ ഏറ്റവും ശക്തമായ യുദ്ധവിമാനമാണ് അമേരിക്കയുടെ എഫ്-35. പറക്കുന്നതിനിടെ എന്തുകൊണ്ടാണ് പൈലറ്റ് ഇജക്‌ട് ചെയ്ത് പാരച്യൂട്ടിൽ രക്ഷപ്പെട്ടത് എന്നത് വ്യക്തമല്ല. സമീപത്തെ തടാകത്തിൽ വിമാനം മുങ്ങിപ്പോയോ എന്നതടക്കം സൈന്യം പരിശോധിക്കുന്നുണ്ട്. ചാൾസ്റ്റണിന് സമീപത്തെ രണ്ട് തടാകങ്ങളിൽ പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.